തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് നടി നിവേദ പെതുരാജ് നടത്തിയ പരാമർശത്തിൽ വിവാദം. പേവിഷബാധ ഗുരുതരമാണെന്ന് സമ്മതിച്ചുകൊണ്ട് തന്നെ നായ കടിച്ച് ഉണ്ടാകുന്ന സംഭവങ്ങളെ വലിയ വിഷയമായി ചിത്രീകരിക്കരുതെന്നും ഭയം പ്രചരിപ്പിക്കരുതെന്നുമാണ് നിവേദ പറഞ്ഞത്. ചെന്നൈയില്‍ തെരുവുനായ്ക്കള്‍ക്കായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. മനുഷ്യൻ തെറ്റ് ചെയ്താൽ അവനെ കൊന്നുകളയാൻ ആരും ആവശ്യപ്പെടാറില്ല. ഇതേപോലെ മൃഗങ്ങളുടെ കാര്യത്തിലും അതേ തെറ്റ് ആവർത്തിക്കരുതെന്നും അവർ പറഞ്ഞു. നിവേദയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

To advertise here,

വാക്സിനേഷനും വന്ധ്യംകരണവും പോലുള്ള പ്രായോഗിക നടപടികളിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിവേദ പറഞ്ഞു. "ഭയപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കുകയോ ഭയം ഉണ്ടാക്കുകയോ ചെയ്യരുത്. നായ കടിക്കുന്നത് ശരിയാണെന്ന് ഞാൻ പറയുന്നില്ല. പേവിഷബാധ പടർന്നാൽ അത് വളരെ ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമാണ്. എന്നാൽ ഭയം ജനിപ്പിക്കുന്നതിന് പകരം, നമുക്ക് പരിഹാരം നോക്കാം. ചെറിയ പ്രായം മുതലേ അനുകമ്പയോടെ പെരുമാറാന്‍ കുട്ടികളെ പഠിപ്പിക്കാം. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങളോടും നമ്മൾ അതേ തെറ്റ് ആവർത്തിക്കരുത്." നിവേദയുടെ വാക്കുകൾ.


"മാധ്യമങ്ങളും ഞങ്ങളെ പിന്തുണക്കണം. നായ കടിക്കുന്ന വാര്‍ത്തകള്‍ക്കൊപ്പം പരിഹാരം കൂടി പറയണം. നായകളെ പൂര്‍ണമായും ഒഴിവാക്കണം എന്ന് പറയുന്നത് പരിഹാരമല്ല. അവബോധം, കാരുണ്യം, വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ പ്രായോഗിക നടപടികൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. ഷെല്‍ട്ടറുകള്‍ ഉണ്ടാക്കുന്നതിന് പകരം നായ്ക്കളെ മുഴുവന്‍ വാക്സിനേറ്റ് ചെയ്യൂ. തമിഴ്നാട്ടിലെ നാലരലക്ഷത്തോളം നായ്ക്കളുണ്ട്. അതിനെല്ലാമായിട്ട് 2500 ഷെല്‍ട്ടറുകള്‍ വേണ്ടിവരും. അതിനെയെല്ലാം നോക്കാന്‍ എത്ര പേര് വേണ്ടി വരും. അതിനുപകരം വാക്സിനേറ്റ് ചെയ്യാന്‍ പണം ചെലവാക്കണം. മനുഷ്യര്‍ക്ക് മാത്രമാണ് ഭൂമി എന്ന് വിചാരിച്ചാല്‍ നമുക്ക് അതിജീവിക്കാനാവില്ല. അനുകമ്പയോടെ ചിന്തിക്കാം."– നിവേദ കൂട്ടിച്ചേർത്തു.

അതേസമയം നിവേദയുടെ വാക്കുകൾ സമൂഹത്തിൽ ആഡംബരജീവിതം നയിക്കുന്നവരുടെ കാഴ്ചപ്പാടാണ് എന്നാണ് വിമർശകർ പറയുന്നത്. വർഷത്തിൽ ഭൂരിഭാഗം മാസങ്ങളും നിവേദ താമസിക്കുന്നത് ദുബായിലാണ് എന്നും അവർ ചൂണ്ടിക്കാട്ടുന്നു. തെരുവുനായപ്രശ്നം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെയാണ് അല്ലാതെ സമ്പന്നരെയല്ല. ആഡംബര കാറിൽ പോകുന്നവർക്ക് തെരുവിലൂടെ നടന്ന് ജോക്കുപോകുന്നവരുടെ പ്രശ്നം മനസിലാവില്ല. പൊതു ഇടങ്ങളിൽ ആദ്യം മനുഷ്യർക്ക് സുരക്ഷിതത്വം വേണമെന്നുമെല്ലാമാണ് പ്രതികരണങ്ങൾ.

തമിഴ്,തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയാണ് നിവേദ പെതുരാജ്. ദുബായ് വ്യവസായി രാജിത്ത് ഇബ്രാനുമായി താരത്തിന് വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.