കഷ്ടപ്പാടുകളും ദുരിതങ്ങളും മറികടന്ന് ബോളിവുഡ് സിനിമാലോകത്ത് സ്ഥാനമുറപ്പിച്ച നടനാണ് നവാസുദ്ദീൻ സിദ്ധിഖി. സിനിമയിലെത്തുംമുമ്പ് താൻ നേരിട്ട പ്രതിസന്ധികളേക്കുറിച്ച് നിരവധി തവണ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. പോക്കറ്റിൽ വെറും 2500 രൂപയുമായാണ് മുംബൈയിലേക്ക് വന്നതെന്നും നിരവധി തിരസ്കരണങ്ങൾക്കൊടുവിൽ ഗാംഗ്സ് ഓഫ് വസേപൂർ ആണ് തനിക്ക് പേര് നേടിത്തന്നതെന്നും നവാസുദ്ദീൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അക്കാലത്തേക്കുറിച്ച് വീണ്ടും മനസ്സുതുറന്നിരിക്കുകയാണ് നവാസുദ്ദീൻ സിദ്ധിഖി.
തുടക്കത്തിൽ അങ്ങേയറ്റം ആത്മവിശ്വാസവും പാഷനുമായാണ് ഈ മേഖലയിലേക്ക് വന്നത്. പക്ഷേ ക്രമേണ തിരിച്ചടികൾ മാത്രമായപ്പോൾ ആത്മവിശ്വാസം നഷ്ടപ്പെടാൻ തുടങ്ങി. അവനവനിൽ സംശയം തോന്നാനും ചെയ്യുന്നത് തെറ്റായതുകൊണ്ടാണോ അവസരം ലഭിക്കാത്തത് എന്നുമാെക്കെ കരുതിയിരുന്നു- നവാസുദ്ദീൻ പറയുന്നു.
അവസരങ്ങൾ തീരുമാനിച്ചുറപ്പിച്ച് അവസാനനിമിഷം അത് തന്നിൽ നിന്ന് തട്ടിമാറ്റപ്പെട്ടിട്ടുണ്ടെന്ന് നവാസുദ്ദീൻ പറയുന്നു. പത്തുവർഷത്തോളം തനിക്ക് ഭാഗ്യമില്ലെന്ന് കരുതിയിരുന്നു. ഏതെങ്കിലും ചിത്രത്തിൽ അവസരം ലഭിച്ചാൽ സഹോദരനോടും സുഹൃത്തുക്കളോടുമൊക്കെ അതേക്കുറിച്ച് പറയും. പക്ഷേ ഷൂട്ടിങ് തുടങ്ങുമ്പോഴാവും താനില്ലെന്ന് തിരിച്ചറിയുക. റോഡിനുനടുവിൽ വച്ച് കരഞ്ഞ സന്ദർഭങ്ങൾ ഏറെയുണ്ടായിട്ടുണ്ട്.
സിനിമയോടുള്ള പാഷൻമൂലം റോഡിലൂടെ നടക്കുമ്പോൾപ്പോലും താൻ സംഭാഷണങ്ങൾ ഉരുവിട്ടിരുന്നുവെന്നും നവാസുദ്ദീൻ പറയുന്നു. ആളുകൾ തനിക്ക് ഭ്രാന്താണെന്ന രീതിയിൽ തുറിച്ചുനോക്കുമായിരുന്നു. അക്കാലത്ത് പാർലെ-ജി ബിസ്ക്കറ്റിലാണ് അഭയം തേടിയിരുന്നത്. പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമൊക്കെ അതായിരുന്നു. ഇന്നും ആ ബിസ്ക്കറ്റ് കഴിക്കുമ്പോൾ ഡൽഹിയിലെ ആ കാലമോർക്കും. ഒന്നുമില്ലെന്ന തോന്നലുണ്ടാകും. ആ ബിസ്ക്കറ്റിന്റെ രുചി ഇന്നും വേദനയാണ് നൽകുന്നത്- നവാസുദ്ദീൻ പറയുന്നു.
ആദ്യ ചിത്രം 'സർഫറോഷ്' ആയിരുന്നെങ്കിലും നവാസ് ബോളിവുഡിൽ യഥാർഥത്തിൽ വരവറിയിക്കുന്നത് ആമിർഖാൻ ചിത്രമായ 'പീപ്‌ലി ലൈവി'ലൂടെയാണ്. ശേഖർ കപൂറിന്റെ 'ബാൻഡിറ്റ് ക്യൂനി'ലും ശൂൽ, മുന്നാഭായ് 'എം.ബി.ബി.എസ്.' തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തു. ബജ്‌രംഗി ഭായ്ജാൻ, രമൺ രാഘവ് 2.0, മോം, ബാബുമോഷായ് ബന്ദൂക്ബാസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടേയും ഭാഗമായി. മേം ആക്റ്റർ നഹീ ഹു, തുംബാട് 2 തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.
Content Highlights: From Starving on Biscuits to Bollywood Legend: Nawazuddin’s Story
Published: 03 May 2026, 04:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented