
അജ്മല്‍ അമീര്‍, നര്‍വിനി ദേരി | Photo: Instagram/ Ajmal Amir, Narvini Dery
നടന്‍ അജ്മല്‍ അമീറിനെതിരേ ആരോപണവുമായി ഒരു യുവനടി കൂടി. അജ്മല്‍ അമീറില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന് തമിഴ് നടി നര്‍വിനി ദേരിയാണ് ആരോപണം ഉന്നയിച്ചത്. ഓഡിഷനെന്ന പേരില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. അവര്‍ നേരത്തേയും ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ് യൂട്യൂബ് ചാനലായ 'ട്രെന്‍ഡ് ടോക്‌സി'ന് നല്‍കിയ അഭിമുഖത്തിലാണ് ആരോപണം ആവര്‍ത്തിക്കുന്നത്.
'2018-ല്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ചെന്നൈയിലെ മാളില്‍വെച്ചാണ് അജ്മല്‍ അമീറിനെ ആദ്യമായി കാണുന്നത്. എനിക്ക് അജ്മലിനെ പരിചയമില്ലായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അജ്മല്‍ അമീറാണെന്നും 'കോ' ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. അജ്മല്‍ അടുത്തേക്ക് വന്ന് നിങ്ങള്‍ നടിയല്ലേ, തന്റെ അടുത്ത ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു. നമ്പറൊക്കെ പരസ്പരം ഷെയര്‍ ചെയ്താണ് അന്ന് പിരിഞ്ഞത്. പിന്നീട് വാട്‌സാപ്പില്‍ മെസേജ് അയക്കുകയും ഫോട്ടോ ഷെയര്‍ ചെയ്യുകയുംചെയ്തു', നടി പറഞ്ഞു.
'ഒഡീഷന് വരണമെന്ന് പറഞ്ഞ് അജ്മല്‍ വളിച്ചു. പക്ഷേ, അന്ന് ഞാന്‍ ഡെന്മാര്‍ക്കിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇപ്പോള്‍ തന്നെ വരാമോ, ടീമിനെ മീറ്റ് ചെയ്യാം എന്ന് പറഞ്ഞു. വന്ന് മീറ്റ് ചെയ്താല്‍ മാത്രം മതി, സിനിമ തുടങ്ങാന്‍ കുറച്ചുസമയമെടുക്കും എന്നൊക്കെ പറഞ്ഞു. അന്ന് രാത്രി എനിക്ക് ഫ്‌ലൈറ്റ് ഉണ്ടായിരുന്നു. സാധാരണ എവിടെയെങ്കിലും ഓഡിഷനോ മറ്റോ പോകുമ്പോള്‍ എന്റെ സുഹൃത്തോ അല്ലെങ്കില്‍ ആരെങ്കിലും കൂടെ വരാറുണ്ട്. പക്ഷെ അന്ന് രാത്രി എനിക്ക് ഫ്‌ലൈറ്റ് ഉണ്ടായിരുന്നു. അദ്ദേഹം സ്വന്തം കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ ഞാന്‍ മെസ്സേജ് അയച്ചു, എവിടെയാണ് കാണേണ്ടതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു ഹോട്ടലോ കോഫി ഷോപ്പോ അങ്ങനെന്തോ ആണ് പറഞ്ഞത്. വിലാസവും ലൊക്കേഷനും ഷെയര്‍ ചെയ്തു. ഞാന്‍ ഒരു ടാക്‌സി ബുക്ക് ചെയ്ത് ഉടന്‍ തന്നെ അങ്ങോട്ട് പോയി', അവര്‍ വിവരിച്ചു.
'അതത്ര അറിയപ്പെടുന്ന ഹോട്ടലൊന്നുമല്ലല്ലോ എന്ന് ഞാന്‍ അജ്മലിനോട് ചോദിച്ചിരുന്നു. നല്ല സ്ഥലം തന്നെയാമെന്നായിരുന്നു മറുപടി. ഊബറിലാണ് ഞാന്‍ പോയത്. ഊബര്‍ അവിടെ നിര്‍ത്തിയിട്ടിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ മുകളിലേക്ക് പോയത്. പോകുമ്പോള്‍ത്തന്നെ എനിക്കൊരു പന്തികേട് തോന്നിയിരുന്നു. ആ സ്ഥലം കണ്ടപ്പോള്‍ത്തന്നെ എനിക്ക് വല്ലാത്തൊരു അസ്വാഭാവികത തോന്നി. ഞാന്‍ ചെന്ന് കതക് മുട്ടിയപ്പോള്‍ അജ്മല്‍ വാതില്‍ തുറന്നു. ടീമിലുള്ളവര്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍, അവര്‍ പുറത്തേക്ക് പോയെന്ന് അജ്മല്‍ പറഞ്ഞു. എങ്കില്‍ താഴെയിരിക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അജ്മല്‍ വിസ്സമതിച്ചു. എന്തോ പന്തികേടുണ്ടെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു. ഞാന്‍ മുറിയിലേക്ക് കയറിയപ്പോള്‍ അജ്മല്‍ എനിക്ക് ഭക്ഷണം വിളമ്പി. ഞാനത് നിരസിച്ചു. അതേസമയം, ഞാന്‍ 20 മിനിറ്റില്‍ മെസേജ് അയച്ചില്ലെങ്കില്‍ എന്നെ വിളിക്കണമെന്ന് ഒരു സുഹൃത്തിന് മെസേജ് അയച്ചു', അവര്‍ പറഞ്ഞു.
'അയാള്‍ സംസാരിച്ചുകൊണ്ട് വന്ന് എന്റെ കൈയില്‍നിന്ന് നിന്ന് ബാഗെടുത്ത് കുറച്ചപ്പുറം വെച്ചിട്ട്, സംസാരിക്കാനെന്നോണം എന്റെ തൊട്ടടുത്തേക്ക് വന്നിരുന്നു. ഞാന്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി കൈ കഴുകിയിട്ട് വരാമെന്ന് പറഞ്ഞ് വാഷ്റൂമിലേക്ക് പോയി. അങ്ങനെ വാഷ്റൂമില്‍ പോയി ഈ സാഹചര്യം എങ്ങനെ നേരിടാമെന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെ മനസ്സിനെ പാകപ്പെടുത്തി, 'ശരി, ഇതിനെ നേരിടാം' എന്ന് കരുതി ഞാന്‍ പുറത്തിറങ്ങി. ഞാന്‍ വാഷ്‌റൂമില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അയാള്‍ പാട്ടുവെച്ചു. എന്നിട്ട് എന്റെ കൈ പിടിച്ച് പറഞ്ഞു, 'വരൂ, നമുക്ക് ഡാന്‍സ് ചെയ്യാം, അടിച്ചുപൊളിക്കാം' എന്ന്. 'ഇല്ല, എനിക്കറിയാം നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന്. ഞാന്‍ അതിനല്ല ഇവിടെ വന്നത്. എനിക്ക് താല്പര്യമില്ല', എന്ന് മറുപടി നല്‍കി. അപ്പോള്‍ അയാള്‍ പറയാന്‍ തുടങ്ങി, 'നീയെന്താ ഈ പറയുന്നത്? ഞാന്‍ ഇത്ര ഹാന്‍സമായ ആളല്ലേ? എന്റെ പിന്നാലെ എത്ര പേരുണ്ട്? പെണ്‍കുട്ടികള്‍ക്കൊക്കെ എന്നെ ഒരുപാട് ഇഷ്ടമാണ്. കുറച്ച് എന്‍ജോയ് ചെയ്യൂ' എന്ന്. 'എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടമല്ല' എന്ന് ഞാന്‍ പറഞ്ഞു. സൈക്കോളജിക്കലായി അയാളെ തളര്‍ത്തണമായിരുന്നു. 'എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടമല്ല' എന്ന് ഞാന്‍ പറഞ്ഞു. 'എന്താ നിനക്കെന്നെ ഇഷ്ടമല്ലാത്തത്?' എന്ന് ചോദിച്ചുകൊണ്ട് അയാള്‍ ആകെ ഡള്‍ ആയി. അയാള്‍ക്ക് വളരെ വിഷമമായി. പിന്നെ അയാള്‍ നിര്‍ബന്ധിക്കാന്‍ ശ്രമിച്ചില്ല. എന്നാലും അയാള്‍ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. ഞാന്‍ 'കൈ എടുക്ക്' എന്ന് പറഞ്ഞു. 'നിനക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ' എന്നും ഞാന്‍ പറഞ്ഞു', അവര്‍ പറഞ്ഞു.
'പെട്ടെന്ന് അയാള്‍ക്കൊരു കോള്‍ വന്നു. അയാള്‍ ആരോടോ സംസാരിക്കുകയായിരുന്നു. ആ സമയത്ത് ഞാന്‍ എന്റെ ബാഗ് എടുത്തു. ഊബര്‍ ഡ്രൈവര്‍ക്ക് മെസേജ് അയച്ചു. ഞാന്‍ ഒറ്റയ്ക്കല്ല വന്നതെന്ന് അയാളോട് പറഞ്ഞു. 'താഴെ എന്റെ സഹോദരിമാര്‍ കാത്തുനില്‍ക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ പോയില്ലെങ്കില്‍ അവര്‍ മുകളിലേക്ക് വരും' എന്നും പറഞ്ഞു. അപ്പോള്‍ത്തന്നെ എന്റെ സുഹൃത്ത് വിളിച്ചു. അതേസമയം, റൂം ബോയ് ബെല്ലടിച്ചു. അവന്‍ പേടിച്ചുപോയി. അവന്‍ വാതില്‍ തുറന്നപ്പോള്‍ ഞാന്‍ ഓടി പുറത്തിറങ്ങി', സംഭവത്തെക്കുറിച്ച് നടി നിര്‍വിനി ദേരി കൂട്ടിച്ചേര്‍ത്തു. ഭാഗ്യംകൊണ്ടാണ് താന്‍ അവിടെനിന്ന് രക്ഷപ്പെട്ടതെന്നും പഠനവും ജീവിതവും ഓര്‍ത്താണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും നടി വ്യക്തമാക്കി.
Content Highlights: A young Tamil actress has accused actor Ajmal Ameer of inappropriate behavior during a supposed audition. Full shocking details of the incident.
Published: 29 Oct 2025, 09:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented