മലയാളികൾക്ക് സ്വന്തമായി ഒരു സൂപ്പർഹീറോയെ നൽകിയ ചിത്രമാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'മിന്നൽമുരളി'. സൂപ്പർഹീറോയായ മിന്നൽ മുരളിയായി ടൊവിനോ മിന്നിയതോടെ കഥാപാത്രത്തിന് ആരാധകരുമേറി. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സോഫിയ പോളാണ് ചിത്രം നിർമിച്ചത്. 

To advertise here,

ഇപ്പോഴിതാ, പ്രമുഖ കോമിക് മാ​ഗസിനായ ടിങ്കിളിലൂടെ മിന്നൽ മുരളി വീണ്ടുമെത്തുകയാണ്. നിർമാതാവ് സോഫിയാ പോളാണ് വിവരം പങ്കുവെച്ചത്. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും എത്തിക്കുന്നത്. പ്രശസ്തമായ സാൻഡിയാ​ഗോ കോമിക് കോണിൽ വെച്ച് മിന്നല്‍മുരളിയെ അവതരിപ്പിക്കും.

ഗോദയ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിൽ അജു വർഗീസ്, ഹരിശ്രീ അശോകൻ, ​ഗുരു സോമസുന്ദരം തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാ​ഗ്രഹണം സമീർ താഹിറാണ് നിർവഹിച്ചത്. ഷാൻ റഹ്മാനും സുഷിൻ ശ്യാമുമായിരുന്നു സം​ഗീതം. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസായിരുന്നു.