ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം 'മാര്‍ക്കോ വാലന്റൈന്‍സ് ഡേയില്‍ ഒടിടിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഉണ്ണി മുകുന്ദനും റിയാസ് ഖാനുമായുള്ള ചിത്രത്തിലെ ഡിലീറ്റഡ് ഫൈറ്റ് സീന്‍ യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളില്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയതിന് ശേഷമാണ് ഒടിടിയില്‍ എത്തിയത്. സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന ചിത്രം ഇതിനകം ലോകമാകെ ട്രെന്‍ഡിംഗായിരിക്കുകയാണ്.  

To advertise here,

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന ഡിലീറ്റഡ് സീന്‍ ഇതിനകം നിരവധി കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. ''ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതുപോലെ നടന്‍ റിയാസ് ഖാന്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു ആക്ഷന്‍ രംഗം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്തതായി എല്ലാവരേയും സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു. ഈ രംഗങ്ങളില്‍ അതീവ വയലന്‍സ് ഇല്ലാത്തത്തിനാല്‍ നിലവില്‍ ഉള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് ഞങ്ങള്‍ക്ക് ഈ രംഗം പുറത്ത് ഇറക്കാന്‍ സാധിക്കുന്നതാണ്'', സോഷ്യല്‍മീഡിയയില്‍ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് പങ്കുവെച്ച പത്ര കുറിപ്പില്‍ വ്യക്തമാക്കി.

മലയാളത്തിന്  പുറമെ ഹിന്ദിയിലും തെലുഗിലും തമിഴിലും തിയേറ്റര്‍ റിലീസിന് ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ജനുവരി 31 മുതല്‍ 'മാര്‍ക്കോ' കന്നഡയിലും റിലീസിനെത്തി. തെലുഗില്‍ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയ മാര്‍ക്കോയ്ക്ക് 1.75 കോടി ഗ്രോസ് കളക്ഷനാണ് തെലുഗില്‍ ആദ്യ ദിനം നേടാനായത്. ജനുവരി ഒന്നിനാണ് തെലുഗില്‍ 300 തിയേറ്ററുകളിലായി ചിത്രം റിലീസ് ചെയ്തിരുന്നത്. ഇതിനകം 100 കോടി ആഗോള കളക്ഷന്‍ നേടിക്കഴിഞ്ഞ ചിത്രം കേരളത്തില്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ഒടിടിയിലും എത്തിയത്. 

ചിത്രം ഡിസംബര്‍ 20നാണ് കേരളത്തില്‍ റിലീസിനെത്തിയത്. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ്  ചിത്രമായ 'മാര്‍ക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമല്‍, കില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമാനമായി എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. 

5 ഭാഷകളിലായാണ് ചിത്രം റിലീസിനൊരുക്കിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. സിനിമയുടെ പ്രൊഡക്ഷന്‍ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിര്‍മ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിച്ചിരിക്കുകയുമാണ് ക്യൂബ്‌സ്  എന്റര്‍ടെയ്ന്‍മെന്റ്‌സ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രിലില്‍ ചിത്രം കൊറിയന്‍ റിലീസിനായി ഒരുങ്ങുകയുമാണ്. 

പരുക്കന്‍ ഗെറ്റപ്പില്‍ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്റേയും അസാധ്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. അസാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണ്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. ഉണ്ണി മുകുന്ദനേയും ജഗദീഷിനേയും കൂടാതെ സിദ്ദീഖ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യും&ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അബ്ദുള്‍ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.