മലയാളത്തിലെ സൂപ്പർസ്റ്റാർ എന്ന പദവിയുടെ തിളക്കത്തിലാണ് എന്നും മഞ്ജുവാര്യർ. പുതുതലമുറ നായകരിൽ പ്രതിഭകൊണ്ട് കൈയൊപ്പിട്ട നടനാണ് സൗബിൻ ഷാഹിർ. ഇവർ നായികയും നായകനുമായി ഒരു സിനിമ ഒരുങ്ങുന്നു. വെള്ളരിക്കാപ്പട്ടണം എന്നുപേരിട്ട സിനിമ സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാറാണ്. ഫുൾ ഓൺ സ്റ്റുഡിയോസാണ് നിർമാണം.

To advertise here,

മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. ആനിമേഷനിലും പരസ്യസംവിധാനരംഗത്തും വർഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമയാണിത്. സൗബിനും മഞ്ജുവും ഒത്തുചേരുമ്പോഴുള്ള പുതുമയാണ് ചിത്രത്തിന്റെ രസച്ചരട്. കുടുംബപശ്ചാത്തലത്തിലുള്ളതാണ് കഥ. മഞ്ജുവും സൗബിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.

‘‘എന്റെ എല്ലാ പുതിയ കഥാപാത്രങ്ങളെയും ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇതിൽ സൗബിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഈ സിനിമയുടെ സംവിധായകനെയും തിരക്കഥാകൃത്തിനെയും വർഷങ്ങളായി പരിചയമുണ്ട്. രസകരമായ കഥയും മുഹൂർത്തങ്ങളുമാണ് അവർ സൃഷ്ടിച്ചിരിക്കുന്നത്’’ -മഞ്ജുവാര്യർ പറയുന്നു.

 

‘‘ഒരു കാർയാത്രയ്ക്കിടെയാണ് ഈ സിനിമയുടെ കഥകേൾക്കുന്നത്. പെട്ടെന്നുതന്നെ ഇഷ്ടമായി. ഞാൻ ഇതുവരെ ചെയ്തവയിൽനിന്നെല്ലാം വ്യത്യസ്തനാണ് ഇതിലെ കഥാപാത്രം. മൊത്തത്തിൽ രസമുള്ള ഒരു ഐറ്റമാണ്’’ -സൗബിന്റെ വാക്കുകൾ.

ജയേഷ് നായരാണ് ഛായാഗ്രഹണം. അപ്പു ഭട്ടതിരിയും അർജുൻ ബെന്നും ചേർന്ന് എഡിറ്റിങ് നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് എ.ആർ. റഹ്മാനോടൊപ്പം പ്രവർത്തിക്കുന്ന സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്‌ഷൻ ഡിസൈനർ. പ്രൊഡക്‌ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം സിനിമാപ്രവർത്തനങ്ങൾ ആരംഭിക്കുന്നമുറയ്ക്ക് ഷൂട്ടിങ് തുടങ്ങും

.

Content Highlights: Manju warrier Soubin Shahir Movie Vellarikka pattanam