ബാഗേജ് ചെക്കിങ്ങിനിടെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനോട് തട്ടിക്കയറിയ സംഭവത്തില്‍ വിശദീകരണവുമായി നടി മഞ്ജു പത്രോസ്. തായ്ലന്‍ഡ് യാത്രകഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ബോംബയിൽവെച്ചാണ് നടിയും ഉദ്യോഗസ്ഥനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. അടുത്ത് കഴിഞ്ഞ ഒരു സർജറിയുടെ ബാക്കിപത്രമായുണ്ടായ ഹോർമോൺ വ്യതിയാനങ്ങളാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് നയിച്ചത് എന്നാണ് മഞ്ജു പറയുന്നത്. ബ്ലാക്കീസ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. 

To advertise here,

'ആ ഓഫീസര്‍ എന്നെക്കുറിച്ച് എന്ത് ചിന്തിച്ചിട്ടുണ്ടാകുമോ എന്തോ. യാത്രകഴിഞ്ഞ് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തില്‍ നിന്ന പപ്പയ്ക്കുവേണ്ടി കുപ്പി വാങ്ങിയിരുന്നു. ലഗേജ് കൊടുത്ത് വിട്ടതിന് ശേഷമാണ് കുപ്പിയെടുത്തത്. അത് സിപ് ലോക്ക് ഉള്ള കവറില്‍ ഇട്ടുതരാതിരുന്നത് അവരുടെ തെറ്റാണ്.

ഇതോടെ, കുപ്പി ഷോള്‍ഡര്‍ ബാഗില്‍ വെച്ചു. ഹാന്‍ഡ് ലഗേജ് സ്‌കാന്‍ ചെയ്തതോടെ കുപ്പി കൊണ്ടുപോകാനാകില്ലെന്ന് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇതോടെ, ഞാന്‍ ഉച്ചത്തില്‍ പ്രതികരിച്ചു. ഇനി എന്തുചെയ്യുമെന്നതില്‍ ഓവറായി ടെന്‍ഷനടിക്കാന്‍ തുടങ്ങി.

ആ ഉദ്യോഗസ്ഥന്‍ വളരെ കൂളായിരുന്നു. കുപ്പി കൊണ്ടുപോകാന്‍ പറ്റില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. അദ്ദേഹം കൂളായി മറുപടി പറയുമ്പോള്‍ എനിക്ക് വീണ്ടും ദേഷ്യം വന്നു. ഒടുവില്‍ പ്രശ്‌നം പരിഹരിച്ചു വിമാനത്തില്‍ കയറിയപ്പോള്‍ എന്താണ് കാണിച്ചുകൂട്ടിയതെന്ന് സിമി ചോദിച്ചു. നല്ല ബോറായി വരുന്നുണ്ടെന്നും സിമി അന്ന് പറഞ്ഞു', മഞ്ജു തുടർന്നു.  

ഈ സംഭവത്തിന് ശേഷം ഓവറിയും ഗര്‍ഭപാത്രവും നീക്കംചെയ്ത ശസ്ത്രക്രിയക്ക് ശേഷം തനിക്കുണ്ടായ മാനസികപ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയതായി മഞ്ജു പറഞ്ഞു. 'വൈദ്യസഹായവും തേടി. ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയതിന് ശേഷം ഇപ്പോള്‍ ഉറങ്ങാന്‍ കഴിയുന്നുണ്ട്. ചൂടും വിയര്‍പ്പും ഇപ്പോഴുമുണ്ട്. എന്നാല്‍, അന്നത്തെപ്പോലെയില്ല. അന്നൊക്കെ ഭയങ്കര മൂഡ് സ്വിങ്സായിരുന്നു. സര്‍ജറി കഴിയുന്നതോടെ എല്ലാം ഓ.കെ ആകുന്നില്ല. തുടര്‍ചികിത്സ ആവശ്യമാണ്. സര്‍ജറിക്ക് ശേഷം എന്തോ വലിയ സങ്കടമുള്ളതുപോലെ ആയിരുന്നു. ശരിക്കും സങ്കടമുള്ള ഒരു കാര്യവുമില്ലെങ്കിലും എനിക്ക് വെറുതെ കരച്ചില്‍ വന്നിരുന്നു. അതെല്ലാം ഇപ്പോള്‍ മാറി', മഞ്ജു കൂട്ടിച്ചേര്‍ത്തു.