
കൊച്ചി: വെള്ളിയാഴ്ചത്തെ നന്‍പകലില്‍, 'ബസൂക്ക'യിലെ കഥാപാത്രമായി നെടുമ്പാശ്ശേരി സിയാല്‍ ഗോള്‍ഫ് ക്ലബ്ബിലെ പച്ചപ്പുല്‍ത്തകിടിയിലേക്ക് നടന്നുപോയ മമ്മൂട്ടി, നേരം ഒരുമണിക്കൂറൊന്ന് മയങ്ങിയുണര്‍ന്നപ്പോള്‍ തിരിച്ചുവന്നത് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ചനടനായാണ്.
ചിത്രീകരണത്തിന്റെ ഇടവേളയില്‍ കൈവെള്ളയില്‍ നിവര്‍ത്തിപ്പിടിച്ച മൊബൈലിലൂടെ ആറാമത്തെ അവാര്‍ഡ് വാര്‍ത്ത അദ്ദേഹം കണ്ടു. തൊട്ടടുത്തിരിക്കുന്നയാളുടെ പേര് പ്രഖ്യാപിക്കുന്നതുകേട്ട് കൂടെനിന്നവര്‍ കൈയടിച്ചു. മമ്മൂട്ടി തീര്‍ത്തും നിസ്സംഗനായി അടുത്തഷോട്ടിലേക്ക് നടന്നുപോയി.
ഗോള്‍ഫ് ക്ലബ്ബിലെ സെറ്റില്‍ ഉച്ചയ്ക്ക് രണ്ടുമണിതൊട്ടേ മമ്മൂട്ടിയുടെ പുരസ്‌കാരവാര്‍ത്തയ്ക്കുള്ള കാത്തിരിപ്പായിരുന്നു. പക്ഷേ മമ്മൂട്ടി പതിവുപോലെ ഒട്ടുമേ ആകാംക്ഷ പ്രകടിപ്പിക്കാതെ, താന്‍ അതിപ്രധാനമായിക്കാണുന്ന അഭിനയമെന്ന പ്രവൃത്തി തുടര്‍ന്നു. അവസാനം അവാര്‍ഡ് വാര്‍ത്തയെത്തിയപ്പോള്‍ ഇരട്ടി അംഗീകാരം. മികച്ചനടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത 'നന്‍പകല്‍നേരത്ത് മയക്ക'മാണ് ഏറ്റവുംമികച്ച ചിത്രവും. ഇത് നിര്‍മിച്ചത് മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ്.
പതിമ്മൂന്നു വര്‍ഷത്തിനുശേഷമാണ് മമ്മൂട്ടിയെ തേടി മികച്ചനടനുള്ള പുരസ്‌കാരമെത്തുന്നത്. '2009-ല്‍ പാലേരിമാണിക്യം-ഒരു പാതിരാകൊലപാതകത്തിന്റെ കഥ'യ്ക്കാണ് ഇതിനുമുമ്പ് അവാര്‍ഡ് കിട്ടിയത്.
ഷൂട്ടിങ് പൂര്‍ത്തിയാക്കി എളങ്കുളത്തെ വീട്ടിലേക്ക് മടങ്ങിയ മമ്മൂട്ടിയെ സ്വീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദന ഫോണ്‍കോളാണ്. തൊട്ടുപിന്നാലെ 'നന്‍പകലി'ന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എത്തി. സ്പീക്കര്‍ എ.എന്‍. ഷംസീറായിരുന്നു സന്തോഷം പങ്കുവെക്കാനെത്തിയ മറ്റൊരാള്‍.
കുറച്ചുകഴിഞ്ഞപ്പോഴായിരുന്നു ഏറ്റവും ഹൃദ്യമായ കൂടിക്കാഴ്ച. അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം നേടിയ കുഞ്ചാക്കോ ബോബന്‍ മമ്മൂട്ടിക്ക് അഭിനന്ദനവുമായി വന്നു. മികച്ചനടനുവേണ്ടിയുള്ള മത്സരത്തില്‍ അവസാനനിമിഷംവരെ മമ്മൂട്ടിക്കൊപ്പം കുഞ്ചാക്കോ ബോബന്റെ പേരും കേട്ടിരുന്നു.
Content Highlights: Mammootty, Kerala State Film awards best actor, Nanpakal nerathu mayakkam
Published: 22 Jul 2023, 10:28 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented