
കൊച്ചി: മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽനിന്ന് മൾട്ടിപ്ലക്സ് ശൃംഖലയായ പി.വി.ആർ. പിന്മാറിയത് ഉപാധികളില്ലാതെ. നിർമാതാക്കളുടെ സംഘടനയും ഫെഫ്കയും ഉന്നയിച്ച വിഷയങ്ങളിൽ പിന്നീട് ചർച്ച നടക്കും.
തർക്കം പരിഹരിക്കാൻ വ്യാഴാഴ്ചമുതൽ പലതലത്തിൽ ചർച്ച നടന്നെങ്കിലും വിജയിച്ചില്ല. ശനിയാഴ്ച ഫെഫ്ക വിഷയം എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് അദ്ദേഹം വിവിധ സംഘടനകളുമായി ചേർന്ന് ഒത്തുതീർപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകുകയുമായിരുന്നു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും പി.വി.ആർ. തിേയറ്ററുകൾ സ്ഥിതിചെയ്യുന്ന ലുലുമാളുകളുടെ ഉടമ എന്ന നിലയ്ക്കാണ് യൂസഫലി ചർച്ചകൾക്ക് മുൻകൈയെടുത്തത്.
നഷ്ടം തരാതെ പി.വി.ആറിന് സിനിമ നൽകില്ലെന്ന കടുത്തനിലപാട് എടുത്തതിനുപുറമേ തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ പി.വി.ആറിന്റെ തിയേറ്ററുകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ഇതരഭാഷാചിത്രങ്ങളുടെ മലയാളം പതിപ്പുകൾ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നും ഫെഫ്ക ശനിയാഴ്ച പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയെയും വിവരം ധരിപ്പിച്ചു. ഇതിനൊപ്പം സമവായ ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ടോടെ തീരുമാനം പിൻവലിക്കുന്നതായി പി.വി.ആർ. അറിയിച്ചു.
കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ പ്രേക്ഷകരെ ആകർഷിച്ച് കോടികൾ കൊയ്ത് പുതിയ വരുമാനവഴികൾ സ്വന്തമാക്കിത്തുടങ്ങിയ സമയത്ത് പി.വി.ആർ. ഏർപ്പെടുത്തിയ പ്രദർശനവിലക്ക് മലയാളസിനിമയ്ക്ക് നൽകിയത് കനത്തപ്രഹരമായിരുന്നു. ഇപ്പോൾ പ്രദർശനം തുടരുന്ന നാല് സിനിമകൾക്ക് മൂന്നുദിവസം കൊണ്ടുണ്ടായ നഷ്ടം ഏകദേശം പത്തുകോടിരൂപയാണ്. കേരളത്തിന് പുറത്തുനിന്നുള്ള വരുമാനത്തെയാണ് പി.വി.ആറിന്റെ വിലക്ക് പ്രധാനമായും ബാധിച്ചത്.
തെക്കേയിന്ത്യയിൽ മാത്രം നൂറിടങ്ങളിലായി 572 സ്ക്രീനുകളാണ് പി.വി.ആറിനുള്ളത്.
Content Highlights: malayalam movies pvr cinemas conflict
Published: 14 Apr 2024, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented