മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ മാക്ട 2026 മുതൽ മലയാള സിനിമകൾക്കായി അവാർഡ് ഏർപ്പെടുത്തുന്നു. അഭിനേതാക്കൾക്കും നിർമാതാവിനും സംഗീത  വിഭാഗത്തിനും പ്രധാന സാങ്കേതിക വിഭാഗങ്ങൾക്കും ഉൾപ്പടെയാണ് മാക്ട ഫിലിം അവാർഡ് നൽകുക. നിലവാരംകൊണ്ടും ജനപ്രീതികൊണ്ടും ഒരുപോലെ ശ്രദ്ധേയമാകും വിധത്തിലാണ് അവാർഡ് വിഭാവനം ചെയ്തിട്ടുള്ളത്.

To advertise here,

ചെയർമാൻ ജോഷി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഫിലിം അവാർഡ് ഉൾപ്പെടെ പുതുവർഷത്തിൽ മാക്ട നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിച്ചത്. പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി മാക്ട നടത്തുന്ന തിരക്കഥാ മത്സരത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഒട്ടേറെ എഴുത്തുകാരുടെ അഭ്യർത്ഥന മാനിച്ച് തിരക്കഥാ മത്സരത്തിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടുന്നതായും മാക്ട ഭാരവാഹികൾ അറിയിച്ചു.

മാക്ട അംഗങ്ങൾക്കായി നടത്തുന്ന മൊബൈൽഫോൺ-ഫോട്ടോ മത്സരമാണ് പുതുവർഷത്തിലെ മറ്റൊരു പരിപാടി. 'സ്ത്രീ'എന്നതാണ് ഫോട്ടോ മത്സരത്തിന്റെ വിഷയം.

മാക്ട ഇയർ പ്ലാനറിന്റെ വിതരണോദ്ഘാടനം സംവിധായകൻ പദ്മകുമാറിന് കോപ്പി നൽകിക്കൊണ്ട് ചെയർമാൻ നിർവഹിച്ചു. ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിലെ പ്രതിഭ തെളിയിച്ച പരിണതപ്രജ്ഞരെയും പുതിയ തലമുറയിലെ പ്രതിഭകളെയും ആദരിച്ചുകൊണ്ട് അവരുമായി ആശയവിനിമയത്തിന് അവസരം ഒരുക്കുന്ന പ്രതിമാസ സംവാദ പരിപാടിക്കും മാക്ട തുടക്കം കുറിക്കുകയാണ്. കിഷ്‌കിന്ദാകാണ്ഡം, എക്കോ എന്നീ സിനിമകളുടെ സംവിധാനവും തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ച ദിൻജിത് അയ്യത്താൻ, ബാഹുൽ രമേശ് എന്നിവരാണ് പ്രതിമാസ സംവാദ പരിപാടിയിലെ ആദ്യ ക്ഷണിതാക്കൾ.

മാക്ട ആസ്ഥാനത്തുള്ള സിനിമാ റഫറൻസ് ലൈബ്രറിയുടെ സേവനം സമീപപ്രദേശങ്ങളിലെ പൊതുജനങ്ങൾക്കും വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്താവുന്നതാണെന്നും മക്ട നേതൃത്വം അറിയിച്ചു.

ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ട്രഷറർ സജിൻലാൽ, വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, ജോയിന്റ് സെക്രട്ടറിമാരായ ഉത്പൽ വി. നായനാർ, സോണി സായി എന്നിവർക്കൊപ്പം ഭൂമിനാഥൻ, ജോസ് തോമസ്, സുന്ദർദാസ്, പദ്മകുമാർ, വേണു ബി. നായർ, ബാബു പള്ളാശ്ശേരി, എ.എസ്. ദിനേശ്, അഞ്ജു അഷറഫ് എന്നിവരും എക്‌സിക്യൂട്ടീവ് മീറ്റിങ്ങിൽ പങ്കെടുത്തു.