മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് മുസ്‍ലിംലീഗ് വീട് നിർമിച്ച് നൽകിയതിനെ അഭിനന്ദിച്ച് സംവിധായകൻ എം.എ. നിഷാദ്. ദുരന്തഭൂമിയിൽ മുസ്‍ലിംലീഗ് രാഷ്ട്രീയം നോക്കാതെ നിന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. കേരളത്തിൽ അവർ സാഹോദര്യത്തിന്റെ കരുണയുടെ, പുതിയ ചരിത്രം രചിച്ചു. ഒരുപാട് പേരുടെ സ്വപ്നങ്ങൾ അവർ യാഥാർത്ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

“രാഷ്ട്രീയം ഏതുമായിക്കോട്ടെ. ഓരോ മലയാളിയുടെ മനസ്സിലും, ഈ ഭവനം ഒരഭിമാനമാണ്. സർക്കാർ നൽകിയ വീടുകൾ ദുരിത ബാധിതരായ സഹോദരങ്ങൾക്ക് ആശ്വാസമായിരുന്നു. കേരളത്തിലെ രാഷ്ട്രീയ രംഗത്ത് എന്നും ശക്തമായ സാന്നിധ്യം മുസ്‍ലിംലീഗെന്ന പ്രസ്ഥാനത്തിനുണ്ട്. അവർ വാക്കു പാലിച്ചിരിക്കുന്നു.

ദുരന്തഭൂമിയിൽ അവർ രാഷ്ട്രീയം നോക്കിയില്ല. സർക്കാറിനൊപ്പം നിന്നു. കേരളത്തിൽ അവർ സാഹോദര്യത്തിന്റെ, കരുണയുടെ, പുതിയ ചരിത്രം രചിച്ചു. ഒരുപാട് പേരുടെ സ്വപ്നങ്ങൾ അവർ യാഥാർത്ഥ്യമാക്കി. അഭിനന്ദനങ്ങൾ. പാണക്കാട് തങ്ങൾക്കും കുഞ്ഞാലിക്കുട്ടി സാഹിബ്ബുൾപ്പെടെയുളള നേതാക്കൾക്കും, പ്രവർത്തകർക്കും...

NB: ഈ പോസ്റ്റിനെങ്കിലും മതവും, വർഗീയതയും ചിലർ കാണില്ല എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...” എം.എ. നിഷാദിന്റെ വാക്കുകൾ

മുസ്‍‍ലിംലീഗ് ഒരുക്കിയ ഭവനസമുച്ചയത്തിന്റെ ആദ്യഘട്ടമായി 51 വീടുകളിൽ തിങ്കളാഴ്ച വൈകീട്ട് കുടുംബങ്ങളാണ് താമസം തുടങ്ങിയത്. ഗുണഭോക്താക്കൾതന്നെയൊരുക്കിയ ഗൃഹപ്രവേശച്ചടങ്ങിലേക്ക് മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ ഒട്ടേറെ നേതാക്കളെത്തിയിരുന്നു.

അനിയന്ത്രിതമായേക്കാവുന്ന തിരക്ക് കണക്കിലെടുത്തും അതിജീവിതരുടെ സ്വകാര്യത മാനിക്കേണ്ടതിനാലും ദുരന്തബാധിതരുടെ അടുത്തബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമുൾപ്പെടുത്തിയായിരുന്നു ചടങ്ങുകൾ. മുസ്‍ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ വീടുകൾ ഓരോന്നായി സന്ദർശിച്ചു. ലളിതമായ ചടങ്ങുകൾക്കുശേഷം ഭക്ഷണം കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.