"ഫിഷുണ്ട്‌... മട്ടനുണ്ട്‌... ചിക്കനുണ്ട്‌... കഴിച്ചോളൂ... കഴിച്ചോളൂ... "ഒരൊറ്റ ഡയലോ​ഗ് കൊണ്ട് പ്രേക്ഷക മനസിലിടം നേടിയ നടനാണ് കോട്ടയം പ്രദീപ്. ​ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'വിണ്ണൈത്താണ്ടി വരുവായ'യിൽ ഒറ്റ ഡയലോ​ഗ് കൊണ്ട് മറ്റ് അഭിനേതാക്കളേക്കാൾ സ്കോർ ചെയ്ത നടൻ. 

To advertise here,

2001ൽ പുറത്തിറങ്ങിയ 'ഈ നാട് ഇന്നലെ  വരെ 'എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കോട്ടയം പ്രദീപ് ജനപ്രിയനായി മാറുന്നത് പക്ഷേ വർഷങ്ങൾക്കിപ്പുറം പുറത്തിറങ്ങിയ ​ഗൗതം മേനോൻ ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. അതിന് മുമ്പ് കല്യാണ രാമൻ, ഫോർ ദ പീപ്പിൾ, രാജമാണിക്യം, ലോലിപ്പോപ്പ്, മൈ ബി​ഗ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ​ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ 'വിണ്ണൈത്താണ്ടി വരുവായ'യ്ക്ക് ശേഷം പ്രദീപിന്  പിന്നെ തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല. ചിത്രത്തിലെ ഡയലോ​ഗ് അതോടെ ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തു. 

അമർ അക്ബർ അന്തോണി,  കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു വടക്കൻ സെൽഫി,കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ, ആട് ഒരു ഭീകരജീവിയാണ്, ലൈഫ് ഓഫ് ജോസൂട്ടി, ​ഗോദ, തുടങ്ങി എഴുപതിലധികം സിനിമകളിൽ അഭിനയിച്ചു. രാജാറാണി, നൻപെൻടാ, തെരി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും ഭാ​ഗമായി. 

സ്കൂൾ പഠനകാലത്ത് തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു പ്രദീപ്. യുവജനോത്സവങ്ങളിലെ സജീവ സാന്നിധ്യം. ടെലി സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീടാണ് ചെറിയ വേഷങ്ങളിൽ സിനിമയുടെ ഭാ​ഗമാവുന്നത്. 

എൽഐസി ഉദ്യോ​ഗസ്ഥനായി 89 മുതൽ സർവീസിലുണ്ട് കോട്ടയം പ്രദീപ്.

വ്യാഴാഴ്ച്ച പുലർച്ചയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ നാല് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. മായ ആണ് ഭാര്യ , മക്കൾ വിഷ്ണു, വൃന്ദ.

Content Highlights : Kottayam Pradeep Famous Movies, Vinnaithandi Varuvaya Movie Dialogue