കോഴിക്കോട്: വനിതാ ചലച്ചിത്രമേളയിൽനിന്ന് കുഞ്ഞിലാ മാസിലാമണിയുടെ 'അസംഘടിതർ' എന്ന സിനിമ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാനാണെന്ന് ചലച്ചിത്ര അക്കാദമി വിശദീകരിച്ചു.

To advertise here,

ജനാതിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണ്. എന്നാൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ  സിനിമയായ അസംഘടിതർ ഈ മേളയിൽ പ്രദർശിപ്പിക്കില്ല. വിധു വിൻസെന്റിന്റെ പ്രതിഷേധത്തേയും മാനിക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി പറഞ്ഞു.

തന്റെ സിനിമ ഒഴിവാക്കിയതിനെതിരേ സംവിധായിക കുഞ്ഞിലാ മസിലാമണി അന്താരാഷ്ട്ര വനിതാചലചിത്രമേളയിൽ പ്രതിഷേധിച്ചിരുന്നു. മേളയുടെ ഉദ്ഘാടനം തുടങ്ങുന്നതിന് തൊട്ടുമുൻപ് വേദിയിൽ കയറിയിരുന്ന് പ്രതിഷേധിച്ച അവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് ഞായറാഴ്ച പ്രദർശിപ്പിക്കാനിരുന്ന വൈറൽ സെബി എന്ന ചിത്രം സംവിധായിക വിധു വിൻസെന്റ് ചലച്ചിത്രമേളയിൽ നിന്ന് പിൻവലിച്ചിരുന്നു.

ജിയോ ബേബി ഒരുക്കിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലെ അഞ്ചു ചിത്രങ്ങളിലൊന്നാണ് അസംഘടിതർ. ഭൂഷണമായ കാര്യമല്ല ചലചിത്രമേളയിൽ നടന്ന പ്രതിഷേധമെന്നും ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തില്ലെന്ന് നേരത്തേ പറഞ്ഞതാണെന്നുമായിരുന്നു ഈ വിഷയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പ്രതികരണം.