ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ 'കാട്ടാളന്' സിനിമയില്‍ 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യിലൂടെ വൈറലായ തൃശ്ശൂര്‍ സ്വദേശി ഷിബിന്‍ എസ്. രാഘവും. 'കാട്ടാളന്' ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഷിബിനെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.
ഒറ്റ ഡയലോഗ് പോലും ഇല്ലാതെ ഒറ്റ സീനില്‍ എത്തി 'ലോക'യില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചയാളാണ് ചിത്രത്തിലെ പേരില്ലാത്ത കഥാപാത്രം. ചിത്രത്തില്‍ നസ്ലിന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫ്ലാറ്റിലെ കഥാപാത്രത്തെ ഏവരും ഇതിനകം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഹൈദരാബാദില്‍ വച്ചു നടന്ന 'ലോക'യുടെ വിജയാഘോഷത്തിനിടയില്‍ തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് നാഗ് അശ്വിന് 'ലോക'യുടെ സംവിധായകന് ഡൊമിനിക് അരുണിനോട് ചോദിച്ചതു പോലും ഷിബിനിന്റെ കഥാപാത്രത്തെക്കുറിച്ചായിരുന്നു. കഥാപാത്രത്തിന് ഒരു സ്പിന്നോഫ് ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. 'ലോക'യ്ക്ക് പിന്നാലെ 'കാട്ടാളനി'ലൂടെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഷിബിന്‍ എസ്. രാഘവ്.
മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ ചടങ്ങിലാണ് അടുത്തിടെ 'കാട്ടാളന്' സിനിമയുടെ പൂജ നടന്നത്. സംവിധായകന് ബി. ഉണ്ണികൃഷ്ണന്, സിദ്ദീഖ്, ജഗദീഷ്, ബോളിവുഡ് താരം കബീര്‍ ദുഹാന്‍ സിങ്, ഐ.എം. വിജയന്, ആന്റണി വര്‍ഗ്ഗീസ് പെപ്പെ, ഡയറക്ടര്‍ ഹനീഫ് അദേനി, രജിഷ വിജയന്, ഹനാന് ഷാ, ബേബി ജീന്‍, ഷറഫുദ്ധീന്‍, സംവിധായകന് ജിതിന് ലാല്‍, ആന്‍സണ്‍ പോള്‍, സാഗര്‍ സൂര്യ, ഷോണ്‍ റോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന് ഷായേയും കില്‍ താരം പാര്‍ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്ക്ലൂഷന്, ജവാന്, ബാഗി 2, പൊന്നിയന്‍ സെല്വന് പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ മാസ്സ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന് അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റര്‍ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിങ് നിര്‍വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. 'എആര്‍എം' സംവിധായകന് ജിതിന് ലാലാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ഐഡന്റ് ലാബ്സ് ആണ് ടൈറ്റില്‍ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകന്‍ രെണദിവെയാണ് ഡിഒപി. എം.ആര് രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി.
പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശ്വരന്, സൗണ്ട് ഡിസൈനര്‍: കിഷാന്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്, മേക്കപ്പ്: റോണക്സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി. സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Shibin S Raghav joins Kattalan after viral hit in Lokah–Chapter One
Published: 14 Sept 2025, 06:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented