മലയാളിയാണെങ്കിലും തമിഴ്‌സിനിമകളിലൂടെ പേരെടുത്ത വ്യക്തിയാണ് രാജീവ് മേനോന്‍. പരസ്യമേഖലയില്‍ നിന്ന് സിനിമയില്‍ എത്തിയ അദ്ദേഹം സംവിധായകന്‍, ഛായാഗ്രാഹന്‍ എന്നീ നിലകളില്‍ പ്രശസ്തി നേടി. മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളിലെത്തിയ ഫാസില്‍ ചിത്രം ഹരികൃഷ്ണന്‍സില്‍ ഗുപ്തനായെത്തി അദ്ദേഹം പ്രേക്ഷകരെ കീഴടക്കി. മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധാനത്തിൽ അദ്ദേഹം മികവു തെളിയിച്ചു.

To advertise here,

അതിൽ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രമാണ് മലയാളികളായ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടത്. മമ്മൂട്ടിയുടെ മികച്ച പ്രണയരംഗങ്ങളില്‍ ഒന്നായി പ്രേക്ഷകർ വിലയിരുത്തുന്ന ഒന്നാണ് ആ ചിത്രത്തിലെ ഐശ്വര്യ റായിയുമൊത്തുള്ള രം​ഗങ്ങൾ. ചിത്രം പുറത്തിറങ്ങി മെയ് 5 ന് 20 വർഷം തികയുകയാണ്. ഈ അവസരത്തിൽ രാജീവ് മേനോൻ പങ്കുവച്ച വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

''മേജർ ബാലയും മീനാക്ഷിയും ഒട്ടനവധി തമിഴ് ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തിൽ ഇന്നും നിലനിൽക്കുന്നവർ''- രാജീവ് മേനോൻ കുറിച്ചു.

മമ്മൂട്ടിക്കും ഐശ്വര്യയ്ക്കും പുറമെ തബു, അജിത്ത്, ശ്രീവിദ്യ, ബേബി ശ്യാമിലി, അബ്ബാസ്, മണിവണ്ണൻ, രഘുവരൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, അനിതാ രത്നം എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. തബുവിന് നടി രേവതിയും ഐശ്വര്യ റായിക്ക് ജ​യ​ഗീതയും അബ്ബാസിന് നടൻ വിക്രമുമാണ് ശബ്ദം നൽകിയത്. എ.ആർ റഹ്മാൻ ഈണമിട്ട ​ഗാനങ്ങൾ ഇന്നും സൂപ്പർഹിറ്റാണ്.

പട്ടാളത്തിൽ നിന്ന് പരിക്കേറ്റ് വിരമിച്ച വ്യക്തിയാണ് മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല. അപകർഷധാ ബോധത്തോടെ ജീവിക്കുന്ന അയാൾ മദ്യപാനിയാണ്. പദ്മയുടെ (ശ്രീവിദ്യ) കുടുംബവുമായി അടുപ്പം പുലർത്തുന്ന വ്യക്തയാണദ്ദേഹം. പദ്മയുടെ മക്കളാണ് സൗമ്യയും (തബു) മീനാക്ഷിയും. പദ്മയുടെ ഇളയമകൾ മീനാക്ഷിയോട് ബാലയ്ക്ക് പ്രണയം തോന്നുന്നു. എന്നാൽ സം​ഗീതത്തെയും കവിതകളെയും സ്നേഹിച്ച് സ്വപ്നലോകത്ത് വിരാജിക്കുന്ന അവളുടെ പുരുഷ സങ്കൽപ്പത്തോട് ഒട്ടും യോജിക്കാത്ത വ്യക്തിയായിരുന്നു ബാല.

അതിനിടെ യുവ വ്യവസായിയായ ശ്രീകാന്തുമായി (അബ്ബാസ്) മീനാക്ഷി പ്രണയത്തിലാകുന്നു. അത് ബാലയെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും അയാൾ മീനാക്ഷിയുടെ നല്ല സുഹൃത്തായി തുടരുന്നു.

മീനാക്ഷിക്കും ശ്രീകാന്തിനും തന്റെ ഓർക്കിഡ് തോട്ടത്തിൽ കൂടികാഴ്ചയ്ക്ക് അവസരം ഒരുക്കുന്നതും ബാലയാണ്. അതിനിടെ ശ്രീകാന്തിന്റെ ബിസിനസ് തകരുന്നു. തന്റെ ബാധ്യതകളിൽ നിന്ന് കരകയറാൻ ധനികയായ യുവതിയെ ശ്രീകാന്ത് വിവാഹം ചെയ്യുന്നതോടെ മീനാക്ഷി തകരുന്നു. നിരാശയുടെ പടുകുഴിയിൽ നിന്ന് മരണത്തിലേക്ക് നടന്ന മീനാക്ഷിയെ രക്ഷിക്കുന്നതും ബാല തന്നെ. അയാളുടെ പ്രണയം നിരുപാധികമാണെന്ന് അവൾ പിന്നീടാണ് തിരിച്ചറിയുന്നത്.

ബാലയുടെ സ്നേഹത്തെ മീനാക്ഷി തിരിച്ചറിയുന്ന രം​ഗം ഏറെ വെെകാരികമാണ്. മമ്മൂട്ടി എന്ന മഹാനടനിൽ ഭദ്രമായിരുന്നു ആ വേഷം. മീനാക്ഷിയുടെ വാക്കുകൾക്ക് മുന്നിൽ പതറിപ്പോകുന്ന ബാലയുടെ മുഖത്ത് വിരിയുന്ന സങ്കടവും സന്ദേഹവും ജാള്യതയും സന്തോഷവും അസാമാന്യമായ കയ്യടക്കത്തോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

Content Highlights: Kandukondain Kandukondain Movie, Mammootty Aishwarya rai bachchan, Rajiv Menon,, Tabu, Ajith, Sreevidya