'കല്‍ ഹോ നാ ഹോ...' കണ്ണുനനയാതെ ഈ ചിത്രം കണ്ടുതീര്‍ത്തവര്‍ വിരളമായിരിക്കും. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യസംവിധാനസംരംഭം എന്ന പരിഭ്രമത്തിനോ പഴുതുകള്‍ക്കോ ഇടകൊടുക്കാതെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു നിഖില്‍ അദ്വാനി. 21 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുടെ മനം കവരാന്‍ കല്‍ ഹോ നാ ഹോ വീണ്ടും തിയേറ്ററുകളില്‍ എത്തുകയാണ്. നവംബര്‍ 15-ന് ചിത്രം റീ-റിലീസ് ചെയ്യുന്നതായ് ധര്‍മ പ്രൊഡക്ഷന്‍സ് അറിയിച്ചുകഴിഞ്ഞു. 

To advertise here,

'എ സ്റ്റോറി ഓഫ് എ ലൈഫ് ടൈം.. ഇന്‍ എ ഹാര്‍ട്ട് ബീറ്റ്' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തില്‍ ഷാരൂഖ് ഖാനും പ്രീതി സിന്റയും സെയ്ഫ് അലി ഖാനും പ്രേക്ഷകരെ കഥാപാത്രങ്ങളോട് പിടിച്ചടുപ്പിക്കുന്നതില്‍ വിജയിച്ചു. അതിന്റെ തെളിവാണ് ചിത്രം നേടിയ വലിയ വിജയം. 2003-ല്‍ ഏറ്റവും കൂടുതല്‍ വാണിജ്യവിജയം നേടിയ ഹിന്ദി ചിത്രമാണ് കല്‍ ഹോ നാ ഹോ. ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ടചിത്രങ്ങളില്‍ ഒന്നായാണ് കല്‍ ഹോ നാ ഹോ വിലയിരുത്തപ്പെടുന്നത്. 

പ്രണയത്തിന്റെ ത്യാഗത്തെക്കുറിച്ച് ഇതിലും മനോഹരമായി പറഞ്ഞിട്ടുള്ള മറ്റൊരു ചിത്രമുണ്ടാവില്ല എന്ന് ആരാധകര്‍ പറയുമ്പോള്‍ തര്‍ക്കത്തിന് സാധ്യതകള്‍ കുറവാണ്. അത്ര മനോഹരമായാണ്, ഹൃദയസ്പര്‍ശിയായാണ് കര്‍ണ്‍ ജോഹര്‍ 'കല്‍ ഹോ നാ ഹോ'യുടെ കഥയും തിരക്കഥയും ഒരുക്കിയത്. ജയ ബച്ചന്‍, സുഷമ സേത്ത്, റീമ ലഗൂ, ലില്ലെറ്റെ ഡൂബെ, ഡെല്‍നാസ് പോള്‍ തുടങ്ങി മികച്ച താരനിര അണിനിരന്ന ചിത്രം ആ വര്‍ഷം ഏറ്റവും കൂടുതല്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ കൂടി നേടിയ ചിത്രമാണ്.