കൊച്ചി: സുരേഷ് ഗോപി നായകനായ പ്രവീണ്‍ നാരായണന് ചിത്രം 'ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' റിലീസ് നീണ്ടേക്കും. എന്തുകൊണ്ട് 'ജാനകി' എന്ന പേരിനെ എതിര്‍ക്കുന്നുവെന്നതിന് മറുപടി നല്കാന് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലമായി നല്‍കാനും ജസ്റ്റിസ് എന്‍. നഗരേഷിന്റെ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും.
'ജാനകി' എന്ന പേരിന് എന്താണ് കുഴപ്പമെന്ന ചോദ്യം കോടതി ആവര്‍ത്തിച്ചു. 'നിരവധി സിനിമകളുടെ പേരുകള്‍ക്ക് മതപരമായ ബന്ധമുണ്ട്. സംവിധായകരോടും അഭിനേതാക്കളോടും സൃഷ്ടികളില്‍ മാറ്റം വരുത്താനാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത്. 'ജാനകി' എന്ന പേരില്‍ നിന്ദാപരമായ എന്താണുള്ളത്. 'ജാനകി' എന്ന പേരിന് എന്താണ് കുഴപ്പം', കോടതി ചോദിച്ചു.
നീതിക്കുവേണ്ടി കോടതിയെ സമീപിക്കുന്ന ഇരയാണ് 'ജാനകി' എന്ന കഥാപാത്രമെന്ന് നിര്‍മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. 'ജാനകി' എന്ന കഥാപാത്രം സിനിമയില്‍ പ്രതിയല്ലല്ലോ, പ്രതിയുടെ പേരായിരുന്നെങ്കില്‍ എതിര്‍പ്പ് മനസിലാക്കാമായിരുന്നു. ഇവിടെ നീതിക്കുവേണ്ടി പോരാടുന്ന നായികയാണ് ജാനകി എന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കൃത്യമായ മറുപടി സത്യവാങ്മൂലമായി നല്കാന് കോടതി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.
ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും 'ജാനകി' എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാന് കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിരുന്നത്.
Content Highlights: High court questions censor board objection to `Janaki` in`JSK: Janaki vs State of Kerala`
Published: 30 Jun 2025, 03:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented