ചില വ്യക്തികൾ അവരുടെ ജീവിതത്തിൽ ആസ്വദിക്കുന്ന ആഡംബരങ്ങൾക്ക് പിന്നിൽ പിന്നിട്ട കാലത്തെ കണ്ണീരിന്റെ കഥകൾ കൂടി പറയാനുണ്ടാകും. ഇത്തരത്തിലുള്ള അനുഭവങ്ങൾ ധാരാളം പറയാനുള്ള വ്യക്തിയാണ് പ്രശസ്ത ഗാനരചയിതാവായ ജാവേദ് അക്തർ. തന്റെ മുംബൈയിലെ ജീവിതം ആരംഭിക്കുന്ന കാലത്ത് അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങളിൽ നിന്നാണ് അദ്ദേഹം ഇന്ന് കാണുന്നത് ഓരോന്നായി വെട്ടിപിടിച്ചിരിക്കുന്നത്.

To advertise here,

ജാവേദ് അക്തറിന്റെയും ബോളിവുഡ് നടി ഷബാന ആസ്മിയുടെയും വീട്ടിലേക്ക് ബോളിവുഡ് സംവിധായികയായ ഫറ ഖാൻ നടത്തിയ ഹോം ടൂറാണ് ഇപ്പോൾ അവരുടെ ഇപ്പോഴത്തെയും മുൻകാലങ്ങളിലേയും ജീവിതം തുറന്ന് കാണിക്കുന്നത്. സൂക്കൂൺ എന്ന പേരിലാണ് റിസോർട്ടിന് സമാനമായ ഇവരുടെ ബംഗ്ലാവ് ഒരുക്കിയിരിക്കുന്നത്. പുൽത്തകിടികൾ അലങ്കരിക്കുന്ന മുറ്റവും തലയുയർത്തി നിൽക്കുന്ന മരങ്ങളാലും ചുറ്റപ്പെട്ടതാണ് സൂക്കൂൺ എന്ന ഇവരുടെ വീട്.

വാട്ടർ ഫൗണ്ടനും തൂവെള്ള നിറത്തിലുള്ള പ്രതിമയും സ്ഥാപിച്ചിട്ടുള്ള ഉദ്യാനമാണ് ഈ വീട്ടിലേക്ക് അതിഥികളെ സ്വാഗതം ചെയ്യുന്നത്. പഴമയുടെ പ്രൗഢിയാണ് വീടിന്റെ അകത്തളത്തിൽ നിറഞ്ഞ് നിൽക്കുന്നത്. ഫർണിച്ചറായും ജനൽ-വാതിലുകളായും തൂണുകളായും നൽകിയിട്ടുള്ള മരങ്ങളാണ് ഈ വീടിന് ഒരു പ്രാചീന ബംഗ്ലാവിന്റെ ഭാവമൊരുക്കുന്നത്. വിന്റേജ് ശൈലിയിലെ ഫർണിച്ചറുകളും ലളിതമായ അലങ്കാരങ്ങളുമാണ് വീടിന് അഴകേകുന്നത്.

പുരാവസ്തുക്കളാണ് ഈ വീടിന്റെ ഡ്രോയിങ് റൂമിൽ നൽകിയിട്ടുള്ള പ്രധാന അലങ്കാരം. ജാവേദ് അക്തറും ഷബാന ആസ്മിയും യാത്ര ചെയ്ത രാജ്യങ്ങളിൽ നിന്നെല്ലാം ശേഖരിച്ച വസ്തുവകകളാണ് ഇവിടെ നിരന്നിരിക്കുന്നത്. വീടിനുള്ളിലേക്ക് ധാരാളം സൂര്യപ്രകാശം കടന്നുവരുന്നതിനായി വിശാലമായ ജനലുകളും വാതിലുകളും ഈ വീട്ടിൽ നൽകിയിട്ടുണ്ട്. വീട്ടിലെ ഡൈനിങ് ടേബിൾ പോലും വീടിന്റെ അകത്തളത്തിലെ സൗന്ദര്യത്തിന് മാറ്റേകുന്നുണ്ട്.

കുടുംബത്തോടൊപ്പമുള്ള സമയം ഒരുമിച്ച് ചിലവഴിക്കുന്നത് ഉദ്ദേശിച്ചാണ് വീടിന്റെ പിൻഭാഗം ഒരുക്കിയിരിക്കുന്നത്. തടിയിൽ തന്നെ നിർമിച്ചിട്ടുള്ള ഒരു മേശയും രണ്ട് തടിബെഞ്ചുകളുമാണ് ഇവിടെ കാണാനാകുക. 15 വർഷങ്ങൾക്ക് മുമ്പാണ് ഈ വീടും സ്ഥലവും വാങ്ങിയതെന്നാണ് ഷബാന ആസ്മി പറയുന്നത്. ഇവിടെയുണ്ടായിരുന്ന 150 വർഷത്തിലേറെ പഴക്കമുള്ള ഒരു മരമാണ് ഈ പ്രോപ്പർട്ടിയിലേക്ക് തങ്ങളെ ആകർഷിച്ചതെന്നാണ് ഇവർ ഫറാ ഖാനോട് പറഞ്ഞത്.

ഇവിടെ ഒരു വീക്കൻഡ് ഹോം എന്നതായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, ജാവേദ് അക്തറിന് വലിയ ബംഗ്ലാവ് പണിയണമെന്നായിരുന്നു ആഗ്രഹം. ഇതായിരുന്നു ഈ പ്രോപ്പർട്ടിയുടെ കാര്യത്തിലുണ്ടായ ആദ്യ അഭിപ്രായ വ്യത്യാസമെന്നും ഷബാന പറയുന്നു. ബംഗ്ലാവ് പണിയണമെന്ന ആഗ്രഹത്തിന് പിന്നിലെ കാരണവും ജാവേദ് പങ്കുവയ്ക്കുന്നുണ്ട്. മുംബൈയിലെ ആദ്യകാല ജീവിതമാണ് അദ്ദേഹം കാരണമായി പറയുന്നത്.

ഫുട്ട്പാത്തിൽ കിടന്നുറങ്ങി നേരം വെളിപ്പിക്കേണ്ടി വന്ന കാലഘട്ടവും ഭക്ഷണമില്ലാതെ ദിവസങ്ങളോളം കഴിച്ചുകൂട്ടിയതുമായുള്ള ജാവേദ് അക്തറിന്റെ പൂർവകാലം ഫറാ ഖാൻ പറഞ്ഞു. താൻ ഇപ്പോൾ അനുഭവിക്കുന്ന ആഡംബരങ്ങൾ എല്ലാം യാഥാർഥ്യമാണെന്ന് പലപ്പോഴും വിശ്വാസിക്കാൻ കഴിയാറില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാഹ ജീവിതത്തിന്റെ 41-ാം വർഷത്തിലാണ് ഈ താരദമ്പതികൾ. 1984 ഡിസംബർ ഒൻപതിനാണ് ഇവർ വിവാഹിതരായത്.