ന്യൂഡല്‍ഹി: ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനംചെയ്ത് പ്രധാനവേഷത്തിൽ അഭിനയിച്ച 'എമര്‍ജന്‍സി' സിനിമയുടെ പ്രദര്‍ശനം യു.കെയിലെ ചില തീയേറ്ററുകളില്‍ തടസ്സപ്പെടുത്താന്‍ ഖലിസ്താന്‍ അനുകൂലികള്‍ നടത്തിയ ശ്രമത്തിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യ. ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയേയും അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. 

To advertise here,

പല തീയേറ്ററുകളിലും സിനിമ തടസ്സപ്പെടുത്താനുള്ള ശ്രമം നടന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തെ ഒരു തരത്തിലും അംഗീകരിക്കില്ല. സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രണ്‍ദീപ് ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നോര്‍ത്ത് വെസ്റ്റ് ലണ്ടണിലെ ചില തീയേറ്ററുകളിലായിരുന്നു സിനിമാ പ്രദര്‍ശനത്തിനിടെ മുഖംമൂടി ധാരികളായ ചിലരെത്തി ഖലിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും തീയേറ്ററിലെത്തിയ ആളുകളെ ഭീഷണിപ്പെടുത്തുകയും സിനിമ നിര്‍ത്താന്‍ തീയേറ്റര്‍ അധികൃതരെ നിര്‍ബന്ധിക്കുകയും ചെയ്തത്. ഇക്കാര്യം കണ്‍സര്‍വേറ്റീവ് എം.പി ബോബ് ബ്ലാക്മനും സ്ഥിരീകരിച്ചിരുന്നു.

ഞായറാഴ്ചയാണ് ഇവര്‍ തീയേറ്ററിലെത്തിയതെന്നും അരമണിക്കൂറിലേറെ ഭീതി പരത്തിയെന്നുമായിരുന്നു ബോബ് ബ്ലാക് മാന്‍ ചൂണ്ടിക്കാട്ടിയത്. സമാന സംഭവം മറ്റ് പല സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. സംഭവത്തിന് പിന്നില്‍ സിഖ് പ്രസ് അസോസിയേഷന്‍ പോലുള്ള ബ്രിട്ടീഷ് സിഖ് ഗ്രൂപ്പാണെന്നാണ് റിപ്പോര്‍ട്ട്.

നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം വിവാദങ്ങള്‍ക്കൊടുവില്‍ ജനുവരി പതിനേഴിനാണ് തിയ്യേറ്ററുകളിലേക്കെത്തിയത്. സിഖ് സംഘടനകളുടെ പ്രതിഷേധത്തേത്തുടര്‍ന്നാണ് ചിത്രത്തിന് നേരത്തെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയില്‍ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചതോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി കിട്ടുന്ന കാര്യം നീളുകയായിരുന്നു.

ചിത്രത്തിന്റെ രചനയും സംവിധാനവും കങ്കണ തന്നെയാണ്. റിതേഷ് ഷായാണ് തിരക്കഥ. ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.കങ്കണ നിര്‍മാതാക്കളിലൊരാളുമാണ്.