സംഗീത സംവിധായകൻ എആർ റഹ്മാന്റെ പരാമർശത്തേച്ചൊല്ലിയുള്ള വിവാദങ്ങളിൽ അദ്ദേഹത്തിന് പിന്തുണയുമായി സംവിധായകൻ ഇംതിയാസ് അലി രംഗത്ത്. റഹ്മാന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാകാമെന്നും സിനിമാ മേഖലയിൽ താൻ ഇന്നുവരെ വർഗീയമായ വിവേചനം കണ്ടിട്ടില്ലെന്നും ഇംതിയാസ് അലി വ്യക്തമാക്കി.
റഹ്മാനുമായി അടുത്ത ബന്ധമുള്ള ഇംതിയാസ് അലി, ഏറ്റവും പുതിയ ചിത്രമായ 'അമർ സിംഗ് ചംകീല’ ഉൾപ്പെടെയുള്ള സിനിമകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ബോളിവുഡിലെ ഏറ്റവും തിളക്കമുള്ള വ്യക്തിത്വങ്ങളിൽ ഒരാളാണ് റഹ്മാനെന്ന് അദ്ദേഹം പറഞ്ഞു. ‘സിനിമാ വ്യവസായത്തിൽ വർഗീയമായ വിവേചനം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. റഹ്മാൻ ഉദ്ദേശിച്ച കാര്യമല്ല ഇപ്പോൾ പ്രചരിക്കുന്നത്’- എന്ന് ഇംതിയാസ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞു.
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് വിവാദങ്ങൾക്ക് ആധാരമായ പരാമർശം റഹ്മാൻ നടത്തിയത്. തമിഴ് സംഗീത സംവിധായകൻ എന്ന നിലയിൽ ബോളിവുഡിൽ എപ്പോഴെങ്കിലും വിവേചനം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ അധികാരമാറ്റം ഉണ്ടായെന്നും സർഗ്ഗാത്മകതയില്ലാത്ത ആളുകളുടെ കൈകളിലേക്ക് അധികാരം എത്തിയത് വർഗീയമായ ചില കാര്യങ്ങൾക്ക് കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ താൻ ഇത് നേരിട്ട് അനുഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഛാവ എന്ന ചിത്രം വിഭജനത്തെ മുതലാക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.
വിയോജിച്ചാലും അവഹേളിക്കരുതെന്ന് കൈലാസ് മേനോൻ, പോസ്റ്റ് പങ്കുവെച്ച് എ.ആർ. റഹ്മാന്റെ മക്കൾ
പരാമർശം വിവാദമായതോടെ തന്റെ വാക്കുകൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി റഹ്മാൻ അറിയിച്ചിരുന്നു. തന്റെ ലക്ഷ്യം എപ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ സേവിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'മാ തുജെ സലാം/വന്ദേ മാതരം' എന്ന ഗാനം ക്രിക്കറ്റ് ഗ്രൗണ്ടിൽ മുഴങ്ങുന്ന ദൃശ്യങ്ങളുമായാണ് അദ്ദേഹം തന്റെ വിശദീകരണ വീഡിയോ അവസാനിപ്പിച്ചത്.
വിവാദങ്ങൾക്കിടയിലും സംഗീതലോകത്തെ തിരക്കുകളിലാണ് റഹ്മാൻ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണ എന്ന പ്രൊജക്ടിലാണ് റഹ്മാൻ നിലവിൽ പ്രവർത്തിക്കുന്നത്. പ്രശസ്ത ഹോളിവുഡ് സംഗീതജ്ഞൻ ഹാൻസ് സിമ്മറുമായി ചേർന്നാണ് സംഗീതം ഒരുക്കുന്നത്. രൺബീർ കപൂർ, സായ് പല്ലവി, സണ്ണി ഡിയോൾ, യഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 2026 ദീപാവലിക്ക് തീയേറ്ററുകളിൽ എത്തും.
Content Highlights: Director Imtiaz Ali backs AR Rahman amidst controversy over his recent remarks, stating they were misinterpreted and defending the film industry against communal discrimination.
Published: 20 Jan 2026, 04:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented