
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിൽ ‘ഹോം’ സിനിമയെ തഴഞ്ഞതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. ജനങ്ങളെല്ലാം കണ്ട ഹോം, ജൂറി കണ്ടില്ലെന്ന ഗുരുതര ആരോപണവുമായി ഇന്ദ്രൻസും പ്രതിരോധിച്ച് സാംസ്കാരികമന്ത്രിയും രംഗത്തെത്തി.
ഇന്ദ്രൻസിനും മഞ്ജുപിള്ളയ്ക്കും ‘അവാർഡ് നൽകി’യാണ് ഒരുവിഭാഗം ചലച്ചിത്രപ്രവർത്തകരും രാഷ്ട്രീയനേതാക്കളും സാമൂഹികമാധ്യമങ്ങളിലെ വിമർശനങ്ങളിലൂടെ സർക്കാരിനെതിരേ തിരിഞ്ഞത്. പീഡനക്കേസിൽപ്പെട്ട വിജയ് ബാബു നിർമിച്ച ‘ഹോം’ ബോധപൂർവം അവാർഡിന് പരിഗണിച്ചില്ലെന്നാണ് ഉയർന്ന ആരോപണം.
ജൂറി പടം കണ്ടില്ലെന്ന ഇന്ദ്രൻസിന്റെ ആരോപണം മന്ത്രി സജി ചെറിയാൻ തള്ളി. വിജയ് ബാബുവിന്റെ കേസിന് അവാർഡ് പരിഗണനയുമായി ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി. 18-ന് സയ്യിദ് അഖ്തർ മിർസ അധ്യക്ഷനായ പ്രധാന ജൂറി ഹോം കണ്ടതിന് ഡിജിറ്റൽ തെളിവുണ്ട്. ആർക്ക് അവാർഡ് നൽകണമെന്നത് ജൂറിയുടെമാത്രം തീരുമാനമാണ് -മന്ത്രി പറഞ്ഞു.
വിജയ് ബാബു കേസിനെപ്പറ്റി അവാർഡ് പ്രഖ്യാപിച്ച വെള്ളിയാഴ്ചമാത്രമാണ് അറിഞ്ഞതെന്നും സിനിമകളുടെ മികവുമാത്രമാണ് വിധിനിർണയത്തിനു അടിസ്ഥാനമാക്കിയതെന്നും സയ്യിദ് മിർസ വ്യക്തമാക്കിയിരുന്നു.
ഒരു കുടുംബത്തിൽ ആരെങ്കിലും തെറ്റുചെയ്താൽ എല്ലാവരെയും ശിക്ഷിക്കണോയെന്നാണ് ഇന്ദ്രൻസ് ഉയർത്തിയ ചോദ്യം. ഇന്ദ്രൻസ് ഉൾപ്പെടെയുള്ളവർക്ക് പുരസ്കാരം കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്ന് ഹോമിന്റെ സംവിധായകൻ റോജിൻ തോമസും അംഗീകാരം പ്രതീക്ഷിച്ചിരുന്നതായി ചിത്രത്തിലെ മുഖ്യകഥാപാത്രമായ നടി മഞ്ജുപിള്ളയും പ്രതികരിച്ചു.
മികച്ച സഹനടി മഞ്ജുപിള്ളയാണെന്നും എന്തുകൊണ്ട് തഴയപ്പെട്ടു എന്നുള്ളത് അദ്‌ഭുതപ്പെടുത്തുന്നു എന്നുമാണ് സാമൂഹികമാധ്യമത്തിൽ സംവിധായകൻ എം.എ. നിഷാദ് കുറിച്ചത്. ഹോമിന് അംഗീകാരം നൽകാത്തതിനെ ഷാഫി പറമ്പിൽ എം.എൽ.എ. ഉൾപ്പെടെയുള്ളവർ വിമർശിച്ചു.
എന്നാൽ, പീഡനക്കേസിൽപ്പെട്ടയാൾ നിർമിച്ച സിനിമയ്ക്ക് (അറിഞ്ഞോ അറിയാതെയോ) അവാർഡ് നൽകാത്ത ജൂറിയുടെ തീരുമാനത്തിൽ ആശ്വസിക്കുകയാണ് സർക്കാർ. മറിച്ചായിരുന്നെങ്കിലും വിമർശനം കടുകട്ടിയായേനെ.
പ്രതിഷേധവുമായി പ്രിയനന്ദൻ
തൃശ്ശൂർ: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ പ്രതിഷേധവുമായി സംവിധായകൻ പ്രിയനന്ദൻ. തന്റെ ചിത്രം ധബാരി ക്യുരുവി അന്തിമ റൗണ്ടിൽ എത്തിയെങ്കിലും ജൂറിക്ക് മുന്നിൽ പ്രദർശിപ്പിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ഇതിനുപിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായി പ്രിയനന്ദൻ പറഞ്ഞു. ഗോത്രവർഗ പെൺകുട്ടികൾ അഭിനയിച്ച ഗോത്രഭാഷയിലുള്ള ആദ്യ സിനിമയാണ് ധബാരി ക്യുരുവി. മുഖ്യമന്ത്രിക്കും സാംസ്കാരികവകുപ്പിനും പരാതി നൽകുമെന്ന് പ്രിയനന്ദൻ പറഞ്ഞു.
Content Highlights: home movie controversy, kerala state film awards 2021, indrans, manju pillai
Published: 29 May 2022, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented