കൊച്ചി: കലാഭവന്‍ നവാസിന്റെ വിയോഗം അറിഞ്ഞപ്പോള്‍ ഒട്ടും വിശ്വസിക്കാന്‍ പറ്റിയില്ലെന്ന് നടനും മിമിക്രി താരവുമായ ഹരിശ്രീ മാര്‍ട്ടിന്‍. വര്‍ഷങ്ങളായുള്ള പരിചയമാണ് നവാസുമായി ഉള്ളത്. 
അദ്ദഹം നല്ലൊരു ആര്‍ട്ടിസ്റ്റും സ്‌നേഹിതനും തനിക്ക് നല്ലൊരു കൂടപ്പിറപ്പുമായിരുന്നുവെന്നും മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

To advertise here,

വടക്കാഞ്ചേരിയിലെ വീടെല്ലാം വിറ്റ് നവാസ് ആലുവയിലേക്ക് വരുമ്പോള്‍ മാര്‍ട്ടിന്‍ ചേട്ടന്റെ വീടിനടുത്താണ് താമസിക്കാന്‍ വരുന്നത് എന്ന് പറഞ്ഞ് വിളിച്ചിരുന്നു. ഞങ്ങള്‍ ഒരുപാട് ഷോകള്‍ ചെയ്തിട്ടുണ്ട്. ഈ ഓണത്തിന് പരിപാടിയ്ക്കായി യുകെയിലേക്ക് പോവുന്നുണ്ടെന്ന് നവാസെന്ന് പറഞ്ഞിരുന്നുവെന്നും അന്ന് ആശംസ അറിയിച്ചിരുന്നുവെന്നും മാര്‍ട്ടിന്‍ പറഞ്ഞു. 

നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചോറ്റാനിക്കരയില്‍ എത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ലൊക്കേഷനില്‍നിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയതാണ്. എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. 

പ്രശസ്ത നാടക-സിനിമാ നടന്‍ അബൂബക്കറിന്റെ മകനാണ്. മിമിക്‌സ് ആക്ഷന്‍ 500 എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നവാസ് ഒട്ടേറെ സിനികളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം രഹ്നയാണ് ഭാര്യ. മക്കള്‍: നഹ്റിന്‍, റിദ്വാന്‍, റിഹാന്‍. നവാസിന്റെ സഹോദരന്‍ നിയാസ് ബക്കറും നടനാണ്.