കൊച്ചി: ചില മലയാള സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ പരാമർത്തിനെതിരേ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. പ്രേംകുമാർ ജീവിക്കുന്ന ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകംമെന്ന് ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
''മിസ്റ്റർ പ്രേംകുമാർ...നിങ്ങൾ ജീവിക്കുന്ന ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം...ആ മാരകമായ ജീവിതത്തിൽ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകൾ തിരഞ്ഞെടുക്കുന്നത്...നാളെ സംഭവിക്കാൻ സാധ്യതയുള്ള ഒരു മെഗാ സീരിയലിന്റെ കഥ ഉദാഹരണ സഹിതം ഞാൻ വ്യക്തമാക്കാം...
അസൻമാർഗിക പ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സർക്കാർ അക്കാദമിയിലെ ചെയർമാന്റെ കീഴിൽ എല്ലാം സഹിച്ച്, പലപ്പോഴും അയാളെ ന്യായികരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയർമാനാണ് കഥയിലെ നായകൻ..സ്വന്തം കുടുംബത്തിൽ നിന്നും അയാൾ മെംബർ ആയ സീരിയൽ സംഘടനയിൽ നിന്നുവരെ അയാൾക്ക് എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. എന്നിട്ടും അയാൾ അവിടെ തുടർന്ന് വിജയം വരിക്കുകയും ആ സർക്കാർ അക്കാദമിയുടെ ചെയർമാൻ ആകുകയും അയാൾ തന്നെ അംഗമായ ആ സീരിയൽ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവൻ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്സ്..
ഇങ്ങിനെ ഒരു സീരിയൽ വന്നാൽ ആ കഥയിലെ നായകൻ താങ്കൾ പറഞ്ഞതുപോലെ എൻഡോസൾഫാനേക്കാൾ ഭീകരമാണ്...പക്ഷെ നായകനായ ആ വിഷത്തെ പൊതുജനങ്ങൾക്ക് ചൂണ്ടി കാണിച്ചുകൊടുക്കുന്ന സീരിയലും അതിന്റെ സൃഷ്ടാക്കളും എൻഡോസൾഫാനെതിരെ പോരാടുന്ന സമര പോരാളികളായി ആ മെഗാസീരിയലിലൂടെ ജനമനസ്സിൽ നിറഞ്ഞാടും..ഈ സീരിയലിന് അനുയോജ്യമായ പേർ "എനിക്കുശേഷം പ്രളയം"
സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു പ്രേംകുമാർ പറഞ്ഞത്. 'ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം' -പ്രേംകുമാർ വ്യക്തമാക്കി.
നേരത്തേ, വനിതാ കമ്മിഷനും സീരിയലുകൾക്ക് സെൻസറിങ് വേണമെന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. മെഗാ സീരിയലുകൾക്ക് പകരം 20-30 എപ്പിസോഡുകളുള്ള സീരിയലുകൾ മതിയെന്നും ഒരു ചാനലിൽ ദിവസം രണ്ട് സീരിയലുകളേ അനുവദിക്കാവൂ എന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനും സമാനമായ ആവശ്യവുമായി രംഗത്തെത്തിയത്.
Content Highlights: Hareesh Peradi against actor premkumar on serial comments
Published: 27 Nov 2024, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented