ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ വീര സംവിധാനംചെയ്യുന്ന ചിത്രമാണ് ഹാൽ. ചിത്രത്തിൽനിന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. സെൻസർ ബോർഡിന്റെ നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ പുതിയ ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുകയാണ്.

To advertise here,

വെട്ടി മുറിക്കാത്ത ഹാൽ മൂവി ഞങ്ങൾക്ക് കാണണം എന്നതാണ് ഈ ക്യാമ്പെയ്ൻ. #wesupporthaalmovie #nilapadu' എന്ന പോസ്‌റ്റോടു കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ മധുപാൽ ഉൾപ്പെടെയുള്ളവർ ക്യാമ്പെയ്ന് പിന്തുണയുമായെത്തി.
 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉൾപ്പെടെ 15 രംഗങ്ങൾ നീക്കം ചെയ്താൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് പറഞ്ഞത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും സുൽത്താൻ ബത്തേരിക്ക് പകരം ഗണപതിവട്ടം എന്ന് പറഞ്ഞതും നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടു.

ചിത്രത്തിന്റെ നിർമാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചുവെന്ന് സംവിധായകൻ വീര അറിയിച്ചു.