മുംബൈ: ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍(98) അന്തരിച്ചു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.
ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ഔന്നത്യങ്ങളിലെത്തിച്ചു.
80 കളില്‍ റൊമാന്റിക് നായകനില്‍ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗദാഗര്‍ അടക്കമുള്ള സിനിമകളില്‍ ശക്തമായ വേഷങ്ങളിലെത്തി. 1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. 1966 ലാണ് ബോളിവുഡ് താരമായ സൈറ ബാനുവിനെ വിവാഹം കഴിച്ചത്.
1944 ലില്‍ ജ്വാര്‍ ഭട്ട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദിലീപ് കുമാര്‍ ആറു പതിറ്റാണ്ട് കാലം അഭിനയരംഗത്ത് നിറഞ്ഞുനിന്നു. ഇക്കാലയളവില്‍ 62 സിനിമകളില്‍ വേഷമിട്ടു. ആന്‍, ദാഗ്, ആസാദ് ഗംഗ ജമുന അടക്കമുള്ള സിനിമകള്‍ ദിലീപ് കുമാറിന്റെ അഭിനയശൈലി അടയാളപ്പെടുത്തിയ സിനിമകളായിരുന്നു.
റിയലിസ്റ്റിക് നടനായി മാറി ബോളിവുഡ് സിനിമയെ പുതിയ വഴിത്താരയിലേക്ക് നയിച്ച പരമ്പരയിലെ പ്രധാനിയാണ് ദിലീപ് കുമാര്‍. ബോളിവുഡ് നായകരില്‍ ബഹുഭൂരിപക്ഷവും റൊമാന്റിക് ഹീറോയായി ചുരുങ്ങിയപ്പോള്‍ വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാര്‍ വേറിട്ടുനിന്നു.
നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദിലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.
യൂസഫ് ഖാന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. 1922 ഡിസംബര്‍ 11ല്‍ പാകിസ്താനിലെ പെഷാവറില്‍ ജനിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. ജ്വാര്‍ ഭാട്ടയായിരുന്നു ആദ്യ ചിത്രം. ദേവദാസ്, നയാ ദോര്‍, മുഗള്‍ ഇ- അസം, ഗംഗജമുന, അന്താസ്, ബാബുല്‍, ക്രാംന്തി, ദീദാര്‍, വിധാത, സൗദാഗര്‍, കര്‍മ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.
1940, 1950, 1960, 1980 കാലഘട്ടത്തില്‍ മികച്ച ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്.
2015 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം 1994 ല്‍ അദ്ദേഹത്തിന് ലഭിച്ചു. പാകിസ്താന്‍ സര്‍ക്കാരും രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാന്‍ -ഇ- ഇംതിയാസ് നല്‍കി 1997 ല്‍ ആദരിച്ചു.
Content Highlights: Film Legend Dilip Kumar Dies At 98
Published: 07 Jul 2021, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented