കുറച്ച് ആഴ്ചകൾക്കുമുമ്പ് മലയാള സിനിമാ മേഖലയെ ഒന്നടങ്കം ആശങ്കപ്പെടുത്തിയ സംഭവമായിരുന്നു പിവിആർ തിയേറ്റർ ശൃംഖല മലയാളചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്. ഇതേ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുവന്നിരുന്ന ചിത്രങ്ങൾ പിൻവലിക്കുകയും പുതിയ ചിത്രങ്ങൾക്കായുള്ള ബുക്കിങ് നടത്താതിരുന്നതുമായപ്പോൾ വലിയ പ്രതിഷേധമാണ് ചലച്ചിത്രമേഖലയിൽനിന്ന് ഉയർന്നത്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് പ്രശ്നപരിഹാരമായത്. പ്രശ്നം പരിഹരിക്കാൻ യൂസഫലി നടത്തിയ ഇടപെടലിന് ഫെഫ്ക്ക നന്ദിപറഞ്ഞിരിക്കുകയാണിപ്പോൾ.

To advertise here,

ഞായറാഴ്ച സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ഫെഫ്ക്ക ഭാരവാഹികൾ എം.എ. യൂസഫലിയെ സന്ദർശിച്ചു. പി.വി.ആർ തിയേറ്റർ ശൃംഖലയുമായുള്ള പ്രശ്നം രമ്യമായി പരിഹരിച്ചതിന്റെ നന്ദിസൂചകമായാണ് അവർ യൂസഫലിയെ കണ്ടത്. അദ്ദേഹത്തെ നേരിട്ടുകണ്ട് സംഘടനയുടെ സ്നേഹാദരങ്ങളറിയിച്ചെന്ന് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

'പി വി ആർ എന്ന തീയറ്റർ ശൃംഖല ഇന്ത്യയിലെ അവരുടെ സ്ക്രീനുകളിൽ മലയാളം സിനിമ പ്രദർശിപ്പിക്കില്ല എന്ന അങ്ങേയറ്റം അപലപനീയമായ തീരുമാനമെടുത്തപ്പോൾ, ഫെഫ്ക അതിനെതിരെ കൃത്യമായ പ്രതിരോധം തീർത്തു. ഈ വിഷയത്തിൽ ഇടപെടണമെന്നഭ്യർത്ഥിച്ചു കൊണ്ട് ഞങ്ങൾ ശ്രീ. എം എ യൂസഫലിക്ക് മെയിൽ അയച്ചു. തുടർന്ന്, അദ്ദേഹം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളാണ് പ്രശ്നപരിഹാരത്തിന് കാരണമായത്. ഇന്ന് അദ്ദേഹത്തെ നേരിട്ട് കണ്ട് ഞങ്ങളുടെ സ്നേഹാദരങ്ങളറിയിച്ചു.' ബി.ഉണ്ണിക്കൃഷ്ണൻ എഴുതി.

ഫെഫ്ക പ്രസിഡന്റ്‌ സിബി മലയിൽ, ഫെഫ്ക ഡയറക്‌റ്റേഴ്സ് യൂണിയൻ പ്രസിഡന്റ്‌ രൺജി പണിക്കർ, ഫെഫ്ക വർക്കിങ്ങ്‌ സെക്രറ്ററി സോഹൻ സീനുലാൽ എന്നിവരും ബി. ഉണ്ണിക്കൃഷ്ണനൊപ്പം ഉണ്ടായിരുന്നു.

ഏപ്രിൽ 11നാണ് ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് പിവിആർ ബഹിഷ്കരിച്ചത്. 11-ന് പുറത്തിറങ്ങിയ മലയാള സിനിമകളുടെ പിവിആറിലെ ഷോകൾ ഇതോടെ മുടങ്ങിയിരുന്നു. പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ പി.വി.ആർ തയ്യാറാവാതിരുന്നതാണ് തർക്കത്തിന് കാരണം. കൊച്ചി ഫോറം മാളിലേയും കോഴിക്കോട് മിറാഷ് സ്ക്രീനുകളിലേയും മലയാളസിനിമകളുടെ പ്രദർശനവുമായി ബന്ധപ്പെട്ട് ആദ്യം തീരുമാനമായില്ലെങ്കിലും പിന്നീട് ഈ പ്രശ്നവും പൂർണമായി പരിഹരിക്കപ്പെട്ടു.