മധുബാല, അന്ന ബെൻ,അർജ്ജുൻ അശോകൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നിട്ട് അവസാനം IT Begins' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ചിത്രത്തിനായി വേറിട്ടൊരു കാസ്റ്റിങ്ങ് കോൾ ആണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

റിജക്ഷൻ റാപ് എന്ന പേരിലൊരു ​ഗാനം പങ്കുവച്ചാണ് ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. ഓഡീഷനുകളിൽ പങ്കെെടുത്ത് അവസരങ്ങളൊന്നും കിട്ടാതെ മനംമടുത്ത് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന യുവാവാണ് ​ഗാനരം​ഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.ആകസ്മികമായി ഇയാൾ ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്. നിങ്ങൾ സിനിമയെ വിട്ടാലും സിനിമ നിങ്ങളെ വിടില്ലെന്ന വാചകവുമായാണ് കാസ്റ്റിങ്ങ് കോൾ പ്രത്യക്ഷപ്പെടുന്നത്.

പതിനഞ്ച് വയസ്സ് മുതൽ അൻപത് വയസ്സ് വരെയുള്ള ആൺകുട്ടികളെയും പുരുഷന്മാരെയും പെൺകുട്ടികളെയും സ്ത്രീകളെയും അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും സ്ത്രീകളെയുമാണ് അണിയറപ്രവർത്തകർ തേടുന്നത്.

വികൃതി എന്ന സിനിമക്ക് ശേഷം എംസി ജോസഫ് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. സംസാരം ആരോ​ഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിന് ശേഷം മധുബാല വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. എ ജെ ജെ സിനിമാസിന്റെ ബാനറിൽ അനന്ത് ജയരാജ് ജൂനിയർ, ജോബിൻ ജോയി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അപ്പു പ്രഭാകറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം.

Content Highlights : Ennittu Avasanam It Begins Movie Casting Call MAdhubala Anna Ben Arjun Ashokan