അമേരിക്കയിലെ മുന്‍പ്രസിഡന്റും വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബയോപിക് ചിത്രം 'ദ അപ്രന്റീസ്' കഴിഞ്ഞ ദിവസമാണ് കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഇറാനിയന്‍-ഡാനിഷ് സംവിധായകന്‍ അലി അബ്ബാസിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സെബാസ്റ്റിന്‍ സ്റ്റാനാണ് ട്രംപിന്റെ വേഷത്തിലെത്തിയത്.

To advertise here,

ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയതിന് പിന്നാലെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. മുന്‍ഭാര്യ ഇവാനാ സഞ്ച്‌കോവയെ ട്രംപ് ബലാത്സംഗം ചെയ്യുന്നതായി സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍, വിവാഹമോചന നടപടിക്കിടെ ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഇവാന ആരോപിച്ചെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. 1990 ല്‍ അവര്‍ വിവാഹമോചിതരായി. 2022 ല്‍ ഇവാനാ കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചു. വ്യവസായ രംഗത്തേക്കുള്ള ട്രംപിന്റെ ചുവടുവെപ്പും വളര്‍ച്ചയുമെല്ലാം സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു. സിനിമയ്ക്ക് കാനില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ട്രെംപിനെ അവതരിച്ച സെബാസ്റ്റിന്‍ സ്റ്റാന് വലിയ കയ്യടി ലഭിക്കുകയും ചെയ്തു.

അതേ സമയം സിനിമയ്‌ക്കെതിരേ ട്രംപ് നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ല്‍ നവംബര്‍ 5 ന് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ട്രംപിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന് ട്രംപിന്റെ ടീം ആരോപിച്ചു. 

ട്രംപിനെ മോശമായി ചിത്രീകരിക്കുക എന്നതുമാത്രമാണ് ഈ സിനിമയുടെ ഉദ്ദേശം. അമേരിക്കയില്‍ ഇത് റിലീസ് ചെയ്യാന്‍ ഒരിക്കലും അനുവദിക്കുകയില്ല. കുപ്പതൊട്ടിയില്‍ കൂടുതലൊന്നും ഈ സിനിമ അര്‍ഹിക്കുന്നില്ല - ട്രംപിന്റെ വക്താവ് പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

2004 മുതല്‍ 2017 വരെ ദ അപ്രന്റീസ് എന്ന പേരില്‍ ട്രംപ് ഒരു റിയാലിറ്റി ഷോ നിര്‍മിച്ചിരുന്നു. 15 സീസണുകളും 192 എപ്പിസോഡുകളുമായാണ് ഷോ സംപ്രേഷണം ചെയ്തത്. അതേ പേര് തന്നെയാണ്  അലി അബ്ബാസി തന്റെ സിനിമയ്ക്കും തിരഞ്ഞെടുത്തത്.