കൊച്ചി: ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയെക്കുറിച്ചുള്ള അന്വേഷണം സാംസ്കാരികവകുപ്പിനെ ഏൽപ്പിച്ചതിൽ ചലച്ചിത്രപ്രവർത്തകർക്കും സി.പി.ഐ.യുടെ യുവജനസംഘടനയ്ക്കും അതൃപ്തി. സാംസ്കാരികവകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം പ്രഹസനമാകുമെന്ന പരാതിയാണിവർക്ക്.സംവിധായകൻ ഡോ. ബിജുവാണ് അന്വേഷണത്തോടുള്ള ആദ്യപ്രതികരണവുമായി രംഗത്തുവന്നത്.
‘സാംസ്കാരികവകുപ്പിനു കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനെപ്പറ്റി സാംസ്കാരികവകുപ്പുതന്നെ ചലച്ചിത്ര അക്കാദമിയോട് റിപ്പോർട്ട് വാങ്ങുന്ന അന്വേഷണമാണെങ്കിൽ ഗംഭീരമായി’ എന്ന് ഡോ. ബിജു സമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സാംസ്കാരികവകുപ്പ് മന്ത്രിതന്നെ ‘അക്കാദമി ചെയർമാൻ മഹാലോക ഇതിഹാസം ആണെന്നും അവാർഡ് നിർണയത്തിൽ ഇടപെട്ടില്ലെന്നും’ പറഞ്ഞ സ്ഥിതിക്ക് സാംസ്കാരികവകുപ്പ് നൽകുന്ന റിപ്പോർട്ട് വൻകോമഡി ആകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. ചലച്ചിത്ര അക്കാദമിക്ക് പുറത്തുനിന്നുള്ളവരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് എ.ഐ.വൈ.എഫിന്റെ ആവശ്യം. മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ പറഞ്ഞു. അക്കാദമിയുമായി ബന്ധപ്പെട്ടവർതന്നെ അന്വേഷണം നടത്തുന്നതോളം വലിയ അസംബന്ധം വേറേയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ചലച്ചിത്ര അക്കാദമി ഭരണസമിതിയംഗംകൂടിയായ അരുൺ തിരുവനന്തപുരത്ത് വെള്ളിയാഴ്ച തുടങ്ങിയ അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന് വിട്ടുനിന്ന് രഞ്ജിത്തിനോടുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ആരാണ് അന്വേഷണം നടത്തുകയെന്ന് സാംസ്കാരികവകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സാംസ്കാരികവകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് വിശദാംശങ്ങൾ അന്വേഷിച്ചതായി രഞ്ജിത്തിനെതിരേ വെളിപ്പെടുത്തൽ നടത്തിയ ജൂറിയംഗം നേമം പുഷ്പരാജ് പറഞ്ഞു.
ചലച്ചിത്ര അവാർഡ് വിവാദം: അന്വേഷണം പ്രഖ്യാപിച്ചതായി അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതായി അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഔദ്യോഗികമായി അറിയിപ്പു വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. രഞ്ജിത്തും വിനയനും മലയാള സിനിമയ്ക്ക് നല്ല സംഭാവനകൾ നൽകിയവരാണ്. വിഷയങ്ങൾ രമ്യമായി പരിഹരിക്കും. അവാർഡിനെത്തന്നെ ഇടിച്ചുതാഴ്ത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഏറ്റവും മികച്ച ജൂറിയാണ് ഇത്തവണ ഉണ്ടായിരുന്നത്. രഞ്ജിത്ത് അവാർഡ് നിർണയത്തിൽ സ്വാധീനം നടത്തിയിട്ടില്ല. മുഖ്യമന്ത്രി എത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: director dr biju on state film awards 2022 controvrsy and investigation, director ranjith
Published: 05 Aug 2023, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented