ച്ഛനും അമ്മയ്ക്കും തന്റെ സിനിമകൾ തിയേറ്ററിൽ പോയി കാണാൻ പേടിയാണെന്നും എന്നാൽ ഏറ്റവും പുതിയ ചിത്രമായ ഡിറ്റക്ടീവ് ഉജ്വലൻ തീയേറ്ററിൽ ധൈര്യമായി പോയി കാണാൻ പറ്റുന്ന സിനിമയാണെന്ന് അവരോട് പറഞ്ഞിട്ടുണ്ടെന്നും നടൻ  ധ്യാൻ ശ്രീനിവാസൻ. സിനിമ കണ്ട ശേഷം മാധ്യമങ്ങൾ പ്രതികരണം ചോദിച്ചു വരുമ്പോൾ സ്വന്തം മകനായതു കൊണ്ട് കുറ്റം പറയാൻ സാധിക്കാത്തതു കൊണ്ട് അവർ തന്‌‍‍റെ സിനിമകൾ തിയേറ്ററിൽ കാണാറില്ലെന്നും ചാനലുകളെ പേടിച്ച് ശ്രീനിവാസൻ വീട്ടിലിരിക്കുകയാണെന്നും ധ്യാൻ പറഞ്ഞു. ഡിറ്റക്ടീവ് ഉജ്വലന്റെ വിജയാഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ധ്യാനിന്റെ ഹാസ്യരൂപത്തിലുള്ള പ്രതികരണം.

To advertise here,

"കഴിഞ്ഞ ദിവസം അമ്മ നിന്റെ ഒരു പടം ഇറങ്ങിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചു. അച്ഛനും അന്നേരം അവിടെ ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു ഉണ്ട് ഡിറ്റക്ടീവ് ഉജ്വലൻ എന്നാണ് പേര്, സോഫിയ പോൾ ആണ് നിർമാതാവ് എന്നെല്ലാം. ഞങ്ങൾക്ക് പോയി കാണാൻ പറ്റുമോ എന്നായിരുന്നു അവർക്ക് സംശയം. കാരണം അച്ഛനും അമ്മയ്ക്കും നിങ്ങളെ ആണ് പേടി. നിങ്ങളെന്തെങ്കിലും ചോദിച്ചു കഴിഞ്ഞാൽ സ്വന്തം മോനെ പറ്റി കുറ്റം പറയാൻ പറ്റില്ലല്ലോ എന്ന് പേടിച്ചിട്ട് എന്റെ അമ്മയും അച്ഛനും ഈയിടെയായി സിനിമ കാണാനേ പോവാറില്ല. പ്രത്യേകിച്ച് എന്റെ സിനിമ. ഇത്തവണ ഞാൻ പറഞ്ഞു ധൈര്യമായി പൊയ്ക്കോ ചീത്തപേര് ഉണ്ടാവില്ല , വല്യ പ്രശ്നമില്ലാതെ പോകും അഭിപ്രായം ചോദിച്ചാൽ നല്ലതാണെന്ന് പറഞ്ഞാൽ മതി എന്ന്. അപ്പോ അവർ ചിലപ്പോ സിനിമ കാണാൻ വരും. നിങ്ങളെ പേടിച്ച് ശ്രീനിവാസനൊക്കെ വീട്ടിൽ കുത്തിയിരിക്കാണ്, അഭിപ്രായം ചോദിച്ച് വിഷമിപ്പിക്കരുത്". ധ്യാൻ പറഞ്ഞു.

placeholder
സിജു വിൽസണും ധ്യാൻ ശ്രീനിവാസനും വാർത്താ സമ്മേളനത്തിനിടെ

യൂട്യൂബ് നിരൂപകരെക്കുറിച്ചും ധ്യാൻ പ്രതികരിച്ചു. ശരിയായി റിവ്യൂ പറയുന്നില്ല എന്ന് പറഞ്ഞ് യൂട്യൂബർമാരെ അടിക്കാൻ പറ്റുമോ എന്നും ഓരോരുത്തരും റിവ്യൂ പറയുന്നത് അവർക്ക് ഒരു സിനിമ എങ്ങനെ വർക്കായി എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നും അത് ആപേക്ഷികമാണ് എന്നും ധ്യാൻ കൂട്ടിച്ചേർത്തു. ഒടിടിയിൽ ഇറങ്ങുമ്പോഴാണ് ഒരു സിനിമയുടെ യഥാർത്ഥ ഫലം വരുന്നത് എന്ന അഭിപ്രായത്തേയും ധ്യാൻ തള്ളിക്കളഞ്ഞു.

"അവർക്ക് അവരുടെ സെൻസിബിലിറ്റി വെച്ചല്ലേ പറയാൻ പറ്റൂ. ഓരോരുത്തർക്കും ഓരോ ബുദ്ധിയും ആലോചനയും അല്ലേ. നീയെന്താ കറക്ട് റിവ്യൂ പറയാത്തത് എന്ന് ചോദിച്ച് നമുക്ക് ഒരുത്തനെ പോയി അടിക്കാൻ പറ്റോ. നിന്നെ വിശ്വസിച്ചല്ലേടാ ഞാൻ പടത്തിന് പോയത് എന്ന് പറയാൻ പറ്റുമോ. സിനിമ വളരെ സബ്ജക്ടീവ് ആയ കാര്യമാണ്. ഒരാൾക്ക് ഒരു സിനിമ ഇഷ്ടപ്പെട്ടു എന്ന് വെച്ച് എല്ലാവർക്കും അതിഷ്ടപ്പെടണം എന്നില്ല. അത്രേയുള്ളൂ റിവ്യൂവിന്റെ കേസിലും. 

ചിലർ റിവ്യൂ കേട്ട് വിശ്വസിച്ചായിരിക്കും സിനിമയ്ക്ക് പോകുന്നത്. എല്ലാവരും അങ്ങനെയായിരിക്കില്ല. അത്രേയുള്ളൂ ഒടിടിയിൽ വരുമ്പോഴാണ് ശരിക്കുള്ള പ്രതികരണം കിട്ടുക എന്ന് പറയുന്നത് തെറ്റാണ്. കാരണം ചില സിനിമ നമ്മൾ തിയേറ്ററിൽ അനുഭവിക്കേണ്ടത് തന്നെയാണ്. ഞാനൊരു സിനിമ കണ്ടു. തിയേറ്ററിൽ സൂപ്പർഹിറ്റായ സിനിമയാണ്. പക്ഷേ ഞാൻ കണ്ടത് ഒടിടിയിൽ ആണ് അത് എനിക്ക് അത് വർക്കായില്ല. ഞാൻ അത് ഒരു യൂട്യൂബ് നിരൂപകനോട് ചോദിച്ചു അയാളുടെ മികച്ച സിനിമയെന്ന റിവ്യൂ കണ്ടാണ് ഞാനും ആ പടം കണ്ടത്.  അന്നേരം അയാൾ പറഞ്ഞത് അത് തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണ് എന്നാണ്. ചില സാധനങ്ങൾ അങ്ങനെയേ വരൂ." ധ്യാൻ പറഞ്ഞു. 

അതേസമയം തീയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഡിറ്റക്ടീവ് ഉജ്വലൻ. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിജു വിൽസൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ രചിച്ചു സംവിധാനം ചെയ്ത ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ'.