പാന്‍ മസാല ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഷാരൂഖ് ഖാനെതിരേ വിമര്‍ശനവുമായി യൂട്യൂബര്‍ ധ്രുവ് റാഠി. ശതകോടീശ്വരനായ ഷാരൂഖ് എന്തിനാണ് ഇത്തരം ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് ധ്രുവ് റാഠി ചോദിച്ചു. മാധ്യമവാര്‍ത്തകളെ ഉദ്ധരിച്ച് ഷാരൂഖിന്റെ മൊത്തം ആസ്തി ചൂണ്ടിക്കാട്ടിയാണ് ധ്രുവിന്റെ ചോദ്യം.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഖാന്റെ മൊത്തം ആസ്തി ഇപ്പോള്‍ ഇന്ത്യന്‍ രൂപയില്‍ 12,400 കോടിയാണെന്ന് ധ്രുവ് റാഠി ചൂണ്ടിക്കാട്ടി. ആളുകള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയാണിത്. പലിശയിലൂടെ ഇതിന്റെ എത്രമടങ്ങ് അദ്ദേഹത്തിന് സമ്പാദിക്കാന്‍ കഴിയുമെന്ന് ആശ്ചര്യംപ്രകടിപ്പിച്ച ധ്രുവ്, ആഡംബര വസ്തുക്കള്‍ക്കും പ്രൈവറ്റ് ജെറ്റിനും യാത്രകള്‍ക്കുമായി പണം മാറ്റിവെച്ചാലും എത്രതുക ബാക്കിയുണ്ടാവുമെന്നും ചോദിച്ചു.
'ഷാരൂഖ് ഖാന് ഇത്രയും പണം പോരേ? മതിയെങ്കില്‍ പിന്നെ എന്തിനാണ് പാന്‍ മസാലപോലെ ഹാനികരമായ വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നത്', ധ്രുവ് ചോദിച്ചു. 2014-ല്‍ പാന്‍ പസാല പരസ്യത്തിനായി 20 കോടിയാണ് ഷാരൂഖ് പ്രതിഫലം വാങ്ങിയതെന്ന് ധ്രുവ് ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നൂറുമുതല്‍ 200 കോടിവരെ വാങ്ങുന്നുണ്ടാവാമെന്നും ധ്രുവ് പറഞ്ഞു.
'യഥാര്‍ത്ഥ ചോദ്യം ഇതാണ്, നിങ്ങള്‍ക്ക് ശരിക്കും അധികമായി കിട്ടുന്ന ഈ 100- 200 കോടി രൂപയുടെ ആവശ്യമുണ്ടോ? നിങ്ങള്‍ ആത്മാര്‍ഥമായി ഒന്നാലോചിച്ച് സ്വയം ചോദിക്കുക. ഇത്രയധികം സമ്പത്തുകൊണ്ട് നിങ്ങള്‍ എന്തുചെയ്യാനാണ്? ഇനി മറ്റൊരു കോണില്‍നിന്ന് ചിന്തിക്കുക, രാജ്യത്തെ ഏറ്റവും വലിയ ഒരു നടന് ഇത്തരം ഹാനികരമായ ഉത്പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തിയാല്‍, അത് രാജ്യത്ത് എന്ത് സ്വാധീനമായിരിക്കും ചെലുത്തുക?', ധ്രുവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് ധ്രുവ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ഷാരൂഖ് ഖാന് ലഭിക്കുന്നതുവരെ ഷെയര്‍ചെയ്യാന്‍ തന്റെ ഫോളോവേഴ്സിനോട് ധ്രുവ് റാഠി അഭ്യര്‍ഥിച്ചു.
Content Highlights: YouTuber Dhruv Rathee criticizes Shah Rukh Khan for promoting pan masala products, questioning the need for endorsement given his vast wealth and the harmful nature of the products
Published: 16 Oct 2025, 06:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented