മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തെ അഭിനന്ദിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മനോഹരമായ സിനിമയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മള്‍ തുടരരുത് എന്നാഗ്രഹിക്കുന്ന പലതും ആ സിനിമ പറയുന്നുണ്ട്. എല്ലാ സൂപ്പര്‍താര പരിവേഷങ്ങളും അഴിച്ചു വെച്ച് കുടുബസദസുകളിലെ അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തുന്നുണ്ട്. ജോര്‍ജ് സാറായി അഭിനയിച്ച പുതുമുഖ താരം പ്രകാശ് വര്‍മയുടേത് ഇരുത്തംവന്ന പ്രകടനമാണെന്നും രമേശ് ചെന്നിത്തല സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

To advertise here,

രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ:

തുടരും കണ്ടു. ഹരിപ്പാടുള്ള മോഹന്‍ലാല്‍ ആശിര്‍വാദ് സിനിപ്ലക്‌സ് തീയറ്ററിലാണ് പോയത്. മനോഹരമായ സിനിമ. നമ്മള്‍ തുടരരുത് എന്നാഗ്രഹിക്കുന്ന പലതും ആ സിനിമ പറയുന്നുണ്ട്. 

പണവും ജാതിയും മതവും ഒക്കെ മനുഷ്യര്‍ക്കിടയില്‍ തീര്‍ക്കുന്ന മതിലുകളെക്കുറിച്ച്, അവരെ പലതായി തരം തിരിക്കുന്നതിനെക്കുറിച്ച്, ആ കള്ളികളില്‍ പെട്ട് ഈയാംപാറ്റകളെപ്പോലെ നഷ്ടമാകുന്ന മനുഷ്യരെക്കുറിച്ച്, അവരുടെ കഥ തുടരുമെന്നതിനെക്കുറിച്ച് ഈ സിനിമ പറയുന്നു. 

എല്ലാ സൂപ്പര്‍താര പരിവേഷങ്ങളും അഴിച്ചു വെച്ച് കുടുംബസദസുകളിലെ അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തുന്നുണ്ട്. ഇതില്‍. പ്രേക്ഷകര്‍ക്കു കണ്ടു മടുക്കാത്ത മോഹന്‍ലാല്‍ - ശോഭന ജോഡി നിത്യഹരിതമായി നിറയുന്നു. തികഞ്ഞ ഒരു ഫാമിലി ത്രില്ലര്‍. തുടക്കത്തില്‍ ലളിതമായും പിന്നെ ചുരങ്ങളിലൂടെയുള്ള ഒരു സാഹസിക കാര്‍ യാത്രപോലെയും സിനിമ പ്രേക്ഷകമനസുകളിലേക്കു പരിണമിക്കുകയാണ്.
 
ജോര്‍ജ് സാറായി അഭിനയിച്ച പുതുമുഖ താരം പ്രകാശ് വര്‍മയെക്കുറിച്ച് പറയാതെ ഈ ചിത്രത്തെക്കുറിച്ച് എഴുതി നിര്‍ത്താനാവില്ല. ഇരുത്തം വന്ന പ്രകടനം. സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ് നിറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ തുടരണം....