കൊച്ചി: “പ്രണയം... അതൊരു ലഹരിയാണ്. ഹൃദയംകൊണ്ട് അനുഭവിച്ചറിയേണ്ട ഒരു ലഹരി...” കാസനോവ എന്ന മോഹൻലാൽ സിനിമയിലെ ഡയലോഗ്. നിർമാതാവായ സി.ജെ. റോയ് എന്ന മനുഷ്യന് സിനിമയോടും നിറഞ്ഞ പ്രണയമായിരുന്നു. നിർമാതാവായി അങ്ങേയറ്റം മികവിൽ ആ കലാസൃഷ്ടി പൂർത്തിയാക്കാൻ ശ്രമിച്ചിട്ടുള്ള റോയ് സിനിമയിൽ ചെറിയ വേഷങ്ങളിൽ എത്തുമ്പോഴും അത് അങ്ങേയറ്റം മികവിൽത്തന്നെ ചെയ്യണമെന്ന് നിർബന്ധമുള്ളയാളായിരുന്നു.

To advertise here,

2012-ൽ ‘കാസനോവ’ നിർമിച്ചുകൊണ്ടാണ് തുടക്കം. അക്കാലത്ത് മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച സിനിമകളിലൊന്നായിരുന്നു. ഏറ്റവുമൊടുവിൽ സുരേഷ് ഗോപിയെ നായകനാക്കി ചെയ്ത ‘മേ ഹും മൂസ’ ഉൾപ്പെടെ താൻ നിർമിച്ച എല്ലാ സിനിമകളിലും ഒരു റോയ് ടച്ചുണ്ടായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ‘ഐഡന്റിറ്റി’ക്കുശേഷം കോൺഫിഡന്റ് ഗ്രൂപ്പ് ‘അനോമി’, ‘ബാംഗ്ലൂർ’ ഹൈ എന്നീ സിനിമകളും പ്രഖ്യാപിച്ചിരുന്നു.

‘മരക്കാർ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവായും റോയിയുണ്ടായിരുന്നു. റോയ് എന്ന സിനിമാക്കാരനെയും വ്യക്തിയെയും ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് നിർമാതാവായ ആന്റണി പെരുമ്പാവൂർ പറഞ്ഞു. പ്രണവ് മോഹൻലാൽ നായകനായ ‘ആദി’ എന്ന ചിത്രത്തിൽ കോൺഫിഡന്റ് റോയ് എന്ന കഥാപാത്രമായി അദ്ദേഹം അഭിനയിച്ചതും രണ്ടാഴ്ചമുൻപും അദ്ദേഹത്തോട് സംസാരിച്ചതും ആന്റണി പെരുമ്പാവൂർ പറഞ്ഞു.