കോമഡി രംഗങ്ങളിലൂടെയും സോഷ്യൽ മീഡിയാ മീമുകളിലൂടെയും ആരാധകർ ഇന്നും കൊണ്ടാടുന്ന ചിത്രമാണ് ഛോട്ടാ മുംബൈ. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 വിഷുവിനോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒരിക്കൽക്കൂടി തിയേറ്ററുകളിലെത്തുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. അതും 4K ദൃശ്യമികവിൽ.
റിലീസ് ചെയ്ത് 18 വർഷങ്ങൾക്കുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്. മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഈ മാസം 21-നാണ് ചിത്രം റീ റിലീസ് ചെയ്യുക. നടേശൻ എന്ന ക്രിമിനൽ സ്വഭാവമുള്ള പോലീസുകാരനുമായി ഏറ്റുമുട്ടേണ്ടിവരുന്ന തലയുടേയും ഗ്യാങ്ങിന്റെയും കഥ പറയുന്ന ഛോട്ടാ മുംബൈ ആ വർഷത്തെ ഹിറ്റ് ചിത്രമായിരുന്നു.
മോഹൻലാൽ നായകനായ ചിത്രത്തിൽ ഭാവനയായിരുന്നു നായിക. കലാഭവൻ മണിയാണ് വില്ലൻ വേഷത്തിലെത്തിയത്. ഇന്ദ്രജിത്ത് സുകുമാരൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, മണിക്കുട്ടൻ, ബിജുക്കുട്ടൻ, രാജൻ പി. ദേവ്, ഭീമൻ രഘു, വിനായകൻ, മണിയൻപിള്ള രാജു, വിജയരാഘവൻ, സുരാജ് വെഞ്ഞാറമ്മൂട്, മല്ലിക സുകുമാരൻ തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിലെത്തിയത്.
മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവരാണ് ചിത്രം നിർമിച്ചത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ബെന്നി പി. നായരമ്പലമാണ്. അഴകപ്പനാണ് ഛായാഗ്രഹണം. ശരത് വയലാർ ഗാനരചനയും രാഹുൽ രാജ് സംഗീതസംവിധാനവും നിർവഹിച്ചു. ഹൈ സ്റ്റുഡിയോസാണ് 4K റീമാസ്റ്ററിങ് നടത്തിയത്. പിആർഒ - വാഴൂർ ജോസ്, പി. ശിവപ്രസാദ്.
Content Highlights: Chotta Mumbai Re-Release: Mohanlal's Classic Returns to Theaters in 4K
Published: 05 May 2025, 05:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented