സിനിമാ മേഖലയില്‍ കഴിഞ്ഞ കുറച്ചുകാലംകൊണ്ട് ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് ഗായിക ചിന്മയി ശ്രീപദ. കല്യാണി പ്രിയദര്‍ശന്‍ നായികയായ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' ഉള്‍പ്പെടെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു ചിന്മയിയുടെ അഭിപ്രായപ്രകടനം. ഡിടി നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ചിന്മയി മനസുതുറന്നത്.

To advertise here,

സിനിമാ എഴുത്തിലേക്ക് ഇപ്പോള്‍ സ്ത്രീകള്‍ കടന്നുവരുന്നുണ്ടെന്നും 'ലോക' അതിന് ഉദാഹരണമാണെന്നുമായിരുന്നു ചിന്മയി പറഞ്ഞത്. ശാന്തി ബാലചന്ദ്രന്‍ 'ലോക'യുടെ തിരക്കഥാ രചനയില്‍ പങ്കാളിയായത് ചൂണ്ടിക്കാട്ടിയാണ് ചിന്മയിയുടെ വാക്കുകള്‍.

വളരെ ചെറിയ പ്രായത്തില്‍ സിനിമാ രംഗത്തെത്തിയ വ്യക്തിയാണ് ചിന്മയി. ആ കാലത്തുനിന്ന് സിനിമാ മേഖലയില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായത് എന്നായിരുന്നു ചോദ്യം. 'തീര്‍ച്ചയായും ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്', എന്ന് പറഞ്ഞായിരുന്നു ചിന്മയി മറുപടി ആരംഭച്ചത്.

റേപ്പ് ജോക്കുകളോ, മുഖ്യധാരാ നായകന്മാര്‍ സ്ത്രീകളെ സ്റ്റോക്ക് ചെയ്യുന്നതോ, അതിനെ മഹത്വവത്കരിക്കുന്നതോ ഇന്ന് സിനിമകളില്‍ അധികം കാണാന്‍ കഴിയില്ലെന്ന് ചിന്മയി പറഞ്ഞു. 'അന്നത്തെ ആളുകള്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളുടെ പ്രത്യാഘാതം പൂര്‍ണ്ണമായും മനസിലാക്കിയെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, ദുരുദ്ദേശ്യമുണ്ടായിരുന്നിരിക്കില്ല. പക്ഷേ, അതിന്റെ പ്രത്യാഘാതം ദോഷകരമായിരുന്നു'- അവര്‍ അഭിപ്രായപ്പെട്ടു.

'കാലക്രമേണ, മുഖ്യധാരാ സിനിമയിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അവര്‍ പറയുന്ന സംഭാഷണങ്ങളെക്കുറിച്ചും നല്‍കുന്ന സന്ദേശങ്ങളെക്കുറിച്ചും കൂടുതല്‍ ബോധവാന്മാരായിട്ടുണ്ട്. കാരണം ഇന്നത്തെ കാലത്ത് അതൊന്നും ശരിയായ രീതിയില്‍ സ്വീകരിക്കപ്പെടണമെന്നില്ല എന്ന് അവര്‍ക്കറിയാം'- ചിന്മയി ചൂണ്ടിക്കാട്ടി.

'ഇപ്പോള്‍ ഒരുപാട് സ്ത്രീകള്‍ സിനിമാ എഴുത്തിലേക്ക് വരുന്നുണ്ട്. ഉദാഹരണത്തിന്, 'ലോക' പോലുള്ള സിനിമകള്‍. ഇന്നത്തെ കാലത്ത് ജാതി വിരുദ്ധ സിനിമകള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുന്നതിലും എനിക്ക് അതിയായ സന്തോഷമുണ്ട്. അതെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാനപ്പെട്ട വിഷയങ്ങളാണ്. സത്യം പറഞ്ഞാല്‍, നമ്മുടെ ചിന്താരീതിയെ ശരിക്കും മാറ്റിമറിക്കുന്ന സിനിമകള്‍ ഒരുപാടൊന്നും ഇപ്പോഴും വന്നിട്ടില്ല. എങ്കിലും നമ്മള്‍ ഒരു നല്ല ദിശയിലേക്കാണ് നീങ്ങുന്നത്'- അവര്‍ കൂട്ടിച്ചേര്‍ത്തു.