ചൈനീസ് ​ഗായികയും ​ഗാനരചയിതാവുമായ ജെയ്ൻ ഴാങ്ങിനെതിരെ വൻ സൈബർ ആക്രമണം. മനഃപൂർവം കോവിഡ് ബാധിതയായെന്ന ഴാങ്ങിന്റെ ​വെളിപ്പെടുത്തലിനേ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വൻതോതിൽ വിമർശനങ്ങളുയർന്നത്. ചൈനീസ് മൈക്രോ ബ്ലോ​ഗിങ് വെബ്സൈറ്റായ വെയ്ബോയിലൂടെയായിരുന്നു ജെയ്ൻ ഴാങ്ങിന്റെ തുറന്നുപറച്ചിൽ.

To advertise here,

ഒമിക്രോൺ വകഭേദമായ BF.7 ചൈനയിൽ പടർന്നുപിടിക്കുന്ന അവസരത്തിലാണ് ജെയ്നിന്റെ വെളിപ്പെടുത്തൽ. രോ​ഗം വരണമെന്ന ഉദ്ദേശത്തോടെ കോവിഡ് ബാധിതരായ സുഹൃത്തുക്കളെ സന്ദർശിക്കുകയും അവരുമായി അടുത്തിടപഴകിയെന്നുമാണ് ​ഗായിക പറഞ്ഞത്. 'രോ​ഗം വരണമെന്ന ഉദ്ദേശത്തോടെ ഷീപ്പുകളുടെ വസതി സന്ദർശിച്ചു' എന്നാണവർ ബ്ലോ​ഗിലൂടെ അറിയിച്ചത്. രോ​ഗബാധിതരെ ചൈനയിൽ വിശേഷിപ്പിക്കുന്ന വാക്കാണ് ഷീപ്പ്.

അമേരിക്കയിൽ ഴാങ് പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടി ഉടൻ നടക്കുന്നുണ്ട്. ഈ പ്രോഗ്രാമിനിടെ കൊറോണ ബാധിക്കുമെന്ന ആശങ്കയാണ് ഇങ്ങനെയൊരു സാഹസത്തിന് ​ഗായികയെ പ്രേരിപ്പിച്ചത്. ഇപ്പോൾ കൊറോണ വന്നാൽ പരിപാടിയുടെ സമയമാവുമ്പോഴേക്കും രോ​ഗമുക്തയാകാമെന്നും അതിനാൽ നേരത്തേ തന്നെ പോസിറ്റീവ് ആകാൻ തീരുമാനിച്ചു എന്നുമാണ് തന്റെ പ്രവർത്തിയേക്കുറിച്ച് അവർ ബ്ലോ​ഗിൽ എഴുതിയത്.

പനി, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെ തുടർന്നാണ് താൻ ഉറങ്ങാൻ പോയതെന്നും 38-കാരിയായ ഗായിക കൂട്ടിച്ചേർത്തു. ഈ ലക്ഷണങ്ങൾ എന്നാൽ ഒരു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂവെന്നും ഴാങ് വിശദീകരിച്ചു. വിറ്റാമിൻ സി കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്തപ്പോഴേക്കും എല്ലാം ശരിയായെന്നും അവർ പറഞ്ഞു. 

രാജ്യത്ത് കോവിഡ് രോ​ഗികൾ അനുദിനം വർധിക്കുമ്പോൾ ഇങ്ങനെ ചെയ്തത് ശരിയായില്ലെന്ന് നിരവധി പേരാണ് പ്രതികരിച്ചത്. വൻതോതിൽ വിമർശനം ഉയർന്നതിന് പിന്നാലെ വിവാദമായ ബ്ലോ​ഗ് ജെയ്ൻ നീക്കം ചെയ്തു. ജനങ്ങളോട് മാപ്പു പറയുന്നതായി അവർ പറഞ്ഞു. ന്യൂയർ പരിപാടിക്കിടെ രോ​ഗം വന്നാൽ അത് ഒപ്പമുള്ളവർക്കും പിടിപെടും എന്നുള്ളതിനാലാണ് സ്വയം രോ​ഗബാധിതയായതെന്നും ജെയ്ൻ ഴാങ് വിശദീകരിച്ചു.