
'ചട്ടമ്പി'യിൽ ശ്രീനാഥ് ഭാസി
22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന 'ചട്ടമ്പി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരാണ് താരനിരയിൽ. ഈ ചിത്രത്തിലെ താരങ്ങളുടെ തന്നെ സോഷ്യൽ മീഡിയ ഒഫീഷ്യൽ പേജുകളിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടെതാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് അലക്സ് ജോസഫ് ആണ്.
ഫസ്റ്റ് ലുക്ക് പോസ്റ്റർ വ്യത്യസ്തമായ രീതിയിലാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ശ്രീനാഥ് ഭാസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയിൽ ഇട്ട വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വരുന്ന വിവരം ആളുകൾ അറിഞ്ഞത്. ആ വീഡിയോയിൽ പറയും പ്രകാരം സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലേക്ക് ഒരു 'മെസ്സേജ്' അയക്കുന്നവർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ കാണാൻ പറ്റുന്ന ഒരു 'ഓട്ടോമേറ്റഡ് സിസ്റ്റം' ഒരുക്കിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമയുടെ സോഷ്യൽ മീഡിയ പേജുകളിൽ പതിനായിരത്തോളം പോസ്റ്റർ അഭ്യർത്ഥനകളാണ് നിറഞ്ഞത്. മലയാളം സിനിമാ ചരിത്രത്തിൽ ഇത്രയും കൗതുകമേറിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപനം ഇതാദ്യമായിട്ടാണ്. റീൽ ട്രൈബ് ആണ് സിനിമയുടെ റീൽ ബ്രാൻഡിംഗ് കൈകാര്യം ചെയ്യുന്നത്.
സാധാരണ രീതിയിൽ നിന്നും മാറി, നേരിട്ട് പോസ്റ്റർ കാണിക്കാതെ കോടമഞ്ഞും, ഉൾക്കാടും, പാറക്കെട്ടുകളും നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോൺ ഷോട്ടിൽ ചിത്രീകരിച്ച വീഡിയോയുടെ അവസാനം പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റർ ആണ് കാണിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മുഖവും , തീക്കനലും ഉള്ള പോസ്റ്ററിൽ, കരിങ്കൽ കൊണ്ട് ചട്ടമ്പി എന്ന് എഴുതിയിരിക്കുന്നു. ക്യാമറയുടെ ഈ യാത്ര സിനിമയുടെ കഥാപശ്ചാത്തലവും, സ്വഭാവവും വെളിപ്പെടുത്തുന്നുണ്ട്. ആ രീതിയിൽ ഉള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു.
ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്. സിറാജ്, സന്ദീപ്, ഷനിൽ, ജെഷ്ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്ര സംയോജനം -ജോയൽ കവി, സംഗീതം -ശേഖർ മേനോൻ, കലാ സംവിധാനം -സെബിൻ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ -ജിനു പി കെ , ചമയം -റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം -മുരുഗൻ ലീ. പി ആർ ഓ -ആതിര ദിൽജിത്ത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..