കബഡിയുടെ പശ്ചാത്തലത്തില്‍ ജാതി രാഷ്ടീയം ശക്തമായി പറയുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് ബൈസണ്‍. മാരിസെല്‍വരാജിന്റെ സംവിധാനത്തിലൊരുങ്ങിയ മറ്റൊരു മികച്ച ചിത്രമായാണ് ആരാധകര്‍ ഇതിനെ കാണുന്നത്. കഥയുടേയും ചിത്രീകരണത്തിന്റെയും പേരില്‍ മികച്ച പ്രതികരണങ്ങള്‍ ഇതിനോടകം സിനിമയെ തേടിയെത്തിക്കഴിഞ്ഞു. സിനിമയുടെ അണിയറരംഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുറത്തിറക്കിയ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

To advertise here,

മോണോക്രോം ടോണിലൊരുക്കിയിരിക്കുന്ന വീഡിയോയില്‍ സംവിധായകന്‍ മാരിയുടെ വിശദീകരണങ്ങളും ധ്രുവിന്റെ കഠിനാധ്വാനവും കാണാന്‍ സാധിക്കും. സിനിമയുമായി ബന്ധപ്പെട്ട് വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്രുവ് തന്റെ ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

ചെറുപ്പക്കാരനായ കബഡി കളിക്കാരന്റെ വേഷമാണ് ചിത്രത്തില്‍ ധ്രുവ് ചെയ്യുന്നത്. ഇതിനുവേണ്ടി ഒന്നരവര്‍ഷത്തോളം തിരുനേല്‍വേലിയില്‍ താമസിച്ച് അവരില്‍ ഒരാളായി ധ്രുവ് ജീവിച്ചു എന്ന് രജിഷ വിജയന്‍ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. കഥാപാത്രത്തിനായി ധ്രുവ് അനുഭവിച്ച ശാരീരിക മാറ്റങ്ങളും കഠിനമായ ഷൂട്ടിങ് സാഹചര്യങ്ങളും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. കഥാപാത്രത്തിന് സ്വാഭാവികത വരുത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ വലിയ ശാരീരിക ക്ലേശങ്ങള്‍ അനുഭവിക്കുകയും ഇടത് കൈകക്ക് പൊട്ടല്‍ സംഭവിക്കുകയും ചെയ്തിരുന്നു.

ചിത്രീകരണത്തിനിടെ പല്ലിന് പറ്റിയ പരിക്കുകള്‍ കാരണം മൂന്ന് പല്ലുകള്‍ക്ക് റൂട്ട് കനാല്‍ ചെയ്യേണ്ടിവന്നു. കഴുത്തിലും കൈമുട്ടിലും വിരലുകളിലും ഉള്‍പ്പടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കുപറ്റി എന്നും ധ്രുവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ശരീരത്തിലുണ്ടായ വേദനകള്‍ പഠനത്തിന്റെ ഭാഗമായി കണ്ട് ആസ്വദിച്ചുവെന്ന് ധ്രുവ് അഭിപ്രായപ്പെട്ടു. ധ്രുവിന്റെ കഠിനമായ പരിശ്രമങ്ങളും അധ്വാനവും സിനിമയുടെ വിജയത്തിന് മുതല്‍ക്കൂട്ടായി എന്നതില്‍ സംശയമൊന്നുമില്ല.
അണിയറപ്രവര്‍ത്തനത്തിന്റെ ഒന്നാം ഭാഗമായി പുറത്തിറക്കിയ വീഡിയോ കണ്ട് ധ്രുവിന് പ്രശംസയുമായി അനവധി ആരാധകര്‍ പ്രതികരിച്ചു. അച്ഛന്റെ മകനല്ലേ, ആത്മസമര്‍പ്പണത്തിനായി ഇതിനപ്പുറവും ചെയ്യും എന്നാണ് ഒരാള്‍ കുറിച്ചത്.

ചിയാന്‍ വിക്രമിന്റെ നടന്‍ എന്ന നിലയിലാണ് അറിയപ്പെട്ട് തുടങ്ങിയതെങ്കിലും അഭിനയരംഗത്ത് സ്വന്തമായ ഒരിടം ഇതിനോടകം ധ്രുവ് നേടിക്കഴിഞ്ഞു. സിനിമയ്ക്ക് വേണ്ടി വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ള ഒരു പ്രൊഫഷണല്‍ നടനാണ് എന്ന് ബൈസണിലൂടെ ധ്രുവ് തെളിയിക്കുകയും ചെയ്തു. അച്ഛന്റെ നിഴലിലൂടെയല്ലാതെ അഭിനയശേഷികൊണ്ട് അംഗീകാരം നേടാനാണ് ധ്രുവ് ലക്ഷ്യമിടുന്നത്.