വാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മലയാളത്തിൽ അദൃശ്യം എന്നും തമിഴിൽ യുകി എന്ന പേരിലും പുറത്തിറങ്ങുന്ന ചിത്രം താരനിര കൊണ്ടും പോസ്റ്ററിലെ വ്യത്യസ്തത കൊണ്ടും ഇപ്പോൾ ചർച്ചയാവുകയാണ്. ജോജു ജോർജ്, നരേൻ, ഷറഫുദ്ധീൻ,  കതിർ തുടങ്ങി നിരവധി താരങ്ങൾ വേഷമിടുന്ന ചിത്രം സസ്പെൻസും നി​ഗൂഢതയും നിറഞ്ഞൊരു ഡ്രാമ ത്രില്ലറാണെന്ന് പറയുന്നു സംവിധായകൻ. ചിത്രത്തിന്റെ വിശേഷങ്ങൾ സാക് മാതൃഭൂമി ഡോട് കോമിനോട് പങ്കുവയ്ക്കുന്നു.

"മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന ദ്വിഭാഷാ ചിത്രമാണ് അദൃശ്യം. ദ്വിഭാഷ ചിത്രമെന്ന് കരുതി തന്നെയാണ് അണിയറപ്രവർത്തനങ്ങളുമായി മുന്നോട്ട് പോയത്. ചിത്രത്തിന്റെ പ്രമേയം അത് ആവശ്യപ്പെടുന്നുണ്ട്. ഒരു നവാ​ഗത സംവിധായകനാണെങ്കിൽ കൂടിയും നിർമാതാക്കൾ നമ്മളിൽ വിശ്വസിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസത്തോടെ പ്രോജക്ടുമായി മുന്നോട്ട് പോവുകയായിരുന്നു. ദ്വിഭാഷാ ചിത്രമാണെന്ന് പറഞ്ഞു തന്നെയാണ് അഭിനേതാക്കളെ സമീപിച്ചതും. അവരും നല്ല ആത്മവിശ്വാസത്തിലായിരുന്നു. നല്ല പിന്തുണയാണ് നമ്മൾക്ക് തന്നത്. 

ഒരേ ചിത്രമാണെങ്കിലും രണ്ട് ഭാഷകളിലേയും പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് രണ്ട് ചിത്രമെന്ന നിലയിൽ തന്നെയാണ് ഞങ്ങൾ ഇതിനെ സമീപിച്ചത്. പകുതിയിലേറെ അഭിനേതാക്കളും വ്യത്യസ്തമാണ്. 

​ജ​ഗമേ തന്തിരത്തിന്റെ റിലീസ് അടുത്ത് നിൽക്കുന്ന സമയത്താണ് ജോജു ചേട്ടനോട് കഥ പറയുന്നത്. തമിഴ്നാട്ടിലും ജോജു ചേട്ടന് സ്വീകാര്യത ലഭിച്ച സമയമാണ്. അതുപോലെ നരേൻ ചേട്ടനും തമിഴിലും മലയാളത്തിലും സുപരിചിതനാണ്. ചേട്ടനാണ് ഏറ്റവും ആദ്യം ഈ കഥയ്ക്ക് താത്പര്യം അറിയിച്ചത്. ഷറഫുദ്ദീനാണ് മലയാളത്തിലെ മറ്റൊരു താരം. കൂടാതെ മൂന്ന് നായികമാരുമുണ്ട്. തമിഴ് താരം ആനന്ദി ആദ്യമായി മലയാളത്തിൽ വേഷമിടുന്നുവെന്ന പ്രത്യേകതയുണ്ട്. പവിത്ര ലക്ഷ്മിയും ആത്മീയ രാജനുമാണ് മറ്റ് താരങ്ങൾ. ഇവർ തന്നെയാണ് തമിഴിലും നായികമാരായെത്തുന്നത്. പരിയേരും പെരുമാൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കതിരും നട്ടി നടരാജനുമാണ് തമിഴിൽ പ്രധാന വേഷത്തിലെത്തുന്നത്. 
വലിയ താരനിരയുള്ള ഒരു ബി​ഗ് ബഡ്ജറ്റ് ചിത്രമെന്നത്  ഒരു നവാ​ഗത സംവിധായകനെന്ന നിലയിൽ എനിക്ക് വലിയ അവസരമാണ്. ഈ അനുഭവം ഒരു സംവിധായകനെന്ന നിലയിൽ എന്റെ യാത്രയിൽ തീർച്ചയായും എനിക്ക് മുതൽക്കൂട്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷന്സിനോട് ചേർന്ന്, യു എ എൻ ഫിലിം ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി ചേർന്നാണ് നിർമാണം. പാക്ക്യരാജ് രാമലിംഗമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷാണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. 

ചെന്നൈ, പോണ്ടിച്ചേരി എന്നിവടങ്ങളിലായി മൂന്ന് ഷെഡ്യൂളായിട്ടായിരുന്നു ചിത്രീകരണം. ഏതാണ്ട് തൊണ്ണൂറ് ശതമാനത്തിലേറെ ചിത്രീകരണം പൂർത്തിയായതാണ്. തീയേറ്റർ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണല്ലോ.. പോസ്റ്റ് പ്രൊഡക്ഷൻ എല്ലാം കഴിഞ്ഞു വരുന്ന സമയത്ത് അപ്പോഴത്തെ സാഹചര്യം എങ്ങനെയാണോ അതനുസരിച്ചാകും റിലീസ് തീരുമാനിക്കുക".


content highlights : Bilingual movie Adrishyam Yuki director Zac Harriss starring Narain Joju George Sharafudheen Kathir