അന്തരിച്ച പിന്നണി ഗായിക എസ്. ജാനകിയെ അനുസ്മരിച്ച് മലയാളത്തിലെ പ്രമുഖ ഗായകർ. ഗാനത്തിലെ വികാരം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജാനകിയമ്മയ്ക്ക് സാധിച്ചിരുന്നുവെന്ന് ഗായകൻ ബിജു നാരായണൻ പറഞ്ഞു. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്‌നേഹമാണ് ജാനകിയമ്മ കാണിച്ചിരുന്നത് എന്ന് ഗായകൻ കൃഷ്ണചന്ദ്രൻ അനുസ്മരിച്ചു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.

To advertise here,

'ജാനകിയമ്മയുടെ വിയോഗം എന്നെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്തയാണ്. കുടുംബാംഗങ്ങളോടൊപ്പം വേദനയിൽ പങ്കുചേരുകയാണ്. ഒരുപാടൊരുപാട് ഓർമകളാണ് അമ്മയോടൊപ്പമുള്ളത്. പത്തുമുപ്പത് വർഷം മുമ്പ് ചെന്നൈയിൽ റെക്കോഡിങ്ങിനിടെ അമ്മയെ ആദ്യമായി കാണുന്നത്. ഭക്തിഗാന ആൽബത്തിന്റെ റെക്കോഡിങ്ങിനിടെയായിരുന്നു. അന്നാണ് അമ്മയെ ആദ്യമായി അടുത്ത് കാണുകയും അമ്മയുടെ റെക്കോഡിങ് കാണുകയും ചെയ്യുന്നത്. സ്‌റ്റേജിലാണെങ്കിലും റെക്കോഡിങ്ങിലാണെങ്കിലും അമ്മയുടെ ചുണ്ടുകൾ ചലിക്കുന്നത് പോലും നമുക്ക് കാണാനാകില്ല. വളരെ സൗമ്യമായി മൈക്കിന് മുന്നിൽ പാടുന്നത് നമുക്ക് അത്ഭുതം തന്നെയാണ്. പക്ഷേ ആ ശബ്ദം സിനിമയിലെത്തുമ്പോൾ ഏതുതരം വികാരങ്ങളെയാണോ പ്രേക്ഷകരിലേക്കെത്തിക്കേണ്ടത്, അത് കൃത്യമായി എത്തിക്കാൻ അമ്മയ്ക്ക് സാധിക്കുമായിരുന്നു. കുട്ടികളുടെ ശബ്ദത്തിൽ എത്രയോ ഗാനങ്ങൾ അമ്മ പാടിയിട്ടുണ്ട്. അതൊക്കെ അമ്മയാണ് പാടിയതെന്ന് നമുക്ക് തോന്നാറില്ല.' -ബിജു നാരായണൻ പറഞ്ഞു.

'തീരെ പ്രതീക്ഷിക്കാത്ത വിയോഗമാണ് ജാനകിയമ്മയുടേത്. ജാനകിയമ്മ നമ്മുടെയെല്ലാം അമ്മ തന്നെയായിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള സ്‌നേഹമാണ് ജാനകിയമ്മ നമ്മളോട് കാണിച്ചത്. ഞാൻ ആദ്യം പാടിയ മലയാളം സിനിമയിലും ആദ്യം പാടിയ തമിഴ് സിനിമയിലും ജാനകിയമ്മയാണ് ഒപ്പം പാടിയത്. അതിനുള്ള ഭാഗ്യമുണ്ടായി.' -കൃഷ്ണചന്ദ്രൻ പറഞ്ഞു. ഇടറിയ ശബ്ദത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.