തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു.  മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെതെന്ന് ഭീമന്‍ രഘു പിന്നീട് പ്രതികരിച്ചു. തിരുവനന്തപുരത്തെ നിശാ​ഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു കഴിഞ്ഞദിവസം കൗതുകകരമായ ഈ സംഭവം നടന്നത്.

To advertise here,

വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണം നിശാ​ഗന്ധിയിൽ നടന്നത്. കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസും ഉൾപ്പെടെ ഒട്ടുമിക്ക പുരസ്കാര ജേതാക്കളും ചടങ്ങിനെത്തിയിരുന്നു. ഉദ്ഘാടന പ്രസം​ഗം നടത്താനായി മുഖ്യമന്ത്രിയെത്തിയതോടെയാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടൻ സദസിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസം​ഗം കഴിഞ്ഞപ്പോൾ പു‍ഞ്ചിരിയോടെ നല്ലൊരു കയ്യടിയും നൽകിയാണ് ഭീമൻ രഘു കസേരയിലിരുന്നത്.

രണ്ടുമാസം മുമ്പാണ് ഭീമൻ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേർന്നത്. അന്ന് താരം എ.കെ.ജി സെന്റർ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന പ്രശസ്തമായ ​ഗാനവും ആലപിച്ചുകൊണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി ​ഗോവിന്ദൻ മാസ്റ്റർ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെയെന്നപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് അന്ന് ഭീമൻ രഘു പ്രതികരിച്ചത്. പറയാനുള്ളത് മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഭീമൻ രഘു പറഞ്ഞിരുന്നു.