കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം. ഇതിൽ ഒന്നുപോലും നഷ്ടമായാൽ അത് നീതിയല്ല, സമൂഹത്തിന്റെ പരാജയമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഒരു ആരോപണം വൈറലാകുമ്പോൾ ഒരു ജീവിതം മൗനമായി തകരുന്നുവെന്ന് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം. ഇതിൽ ഒന്നുപോലും നഷ്ടമായാൽ അത് നീതിയല്ല, സമൂഹത്തിന്റെ പരാജയമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
രണ്ട് പോസ്റ്റുകളായാണ് ഈ വിഷയത്തിൽ ഭാഗ്യലക്ഷ്മി പ്രതികരണം അറിയിച്ചത്. ആദ്യപോസ്റ്റിൽ അവർ വിവാദമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തെ പോസ്റ്റ് ഇങ്ങനെ: "ബസ്സിൽ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലർ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാൾ മോശമായി പെരുമാറിയെന്ന് ഈ പെൺകുട്ടിക്ക് ഉറപ്പുണ്ടെങ്കിൽ ഈ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു. ഒരാൾ നമുക്കിഷ്ടമല്ലാത്ത രീതിയിൽ പെരുമാറുമ്പോൾ, ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ ഭാവത്തിൽ പെരുമാറ്റത്തിൽ അത് പ്രകടമാകും. പക്ഷെ ഈ വിഡിയോയിൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാർത്ഥത്തിൽ ഉദ്ദേശിച്ചത്?"
യുവാവിന്റെ മരണവാർത്തയറിഞ്ഞുകൊണ്ടുള്ള പ്രതികരണമാണ് രണ്ടാമത്തേത്. "ഒരാളുടെ നിരപരാധിത്തം തെളിയിക്കാൻ / വിശ്വസിപ്പിക്കാൻ ആ വ്യക്തിക്ക് സ്വന്തം ജീവൻ നൽകേണ്ടിവരുന്നു. അയാൾ മരിച്ചില്ലായിരുന്നു എങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാൾക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാൾ ജീവനൊടുക്കിയത്. അപ്പോൾ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.
കാള പെറ്റു എന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തിൽ സ്ഥിരം കാണുന്ന കാഴ്ചയാണ്... വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ, അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്ദമായി ഒരു ജീവൻ പോയി." ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനുപിന്നാലെയാണ് കോഴിക്കോട് സ്വദേശിയായ ദീപക് എന്ന യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ദീപക്കിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പയ്യന്നൂരിൽ ബസിൽവെച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചെന്നാരോപിച്ച് വടകര സ്വദേശിയായ യുവതി വെള്ളിയാഴ്ച സാമൂഹികമാധ്യമത്തിൽ വീഡിയോ പങ്കുവെക്കുകയായിരുന്നു. പയ്യന്നൂരിൽ ജോലിസംബന്ധമായ ആവശ്യത്തിന് പോയതായിരുന്നു ദീപക്. തിരക്കേറിയബസിൽ ബോധപൂർവം ലൈംഗികോദ്ദേശ്യത്തോടെ ദേഹത്ത് സ്പർശിച്ചെന്നാരോപിച്ചാണ് യുവതി വീഡിയോ പങ്കുവെച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.
Content Highlights: Dubbing artist Bhagyalakshmi reacts to a Kerala youth`s suicide after a viral molestation accusation video. Justice for the innocent is paramount
Published: 19 Jan 2026, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented