ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം 'അതിരടി'ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറര മുതൽ ആണ് ചിത്രത്തിന്റെ പ്രീമിയർ പ്രദർശനങ്ങൾ കേരളത്തിലെ നൂറോളം സ്‌ക്രീനുകളിൽ നടന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന ഒരു പക്കാ മാസ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ഒരു നിമിഷം പോലും ബോറടിക്കാതെ ആസ്വദിക്കാവുന്ന ബ്ലോക്ക്ബസ്റ്റർ എന്റർടെയ്‌നറാണ് ചിത്രമെന്നും പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നു. ആഗോള റിലീസായി റഗുലർ പ്രദർശനം ആരംഭിച്ചപ്പോൾ ചിത്രം കേരളത്തിലെ തിയേറ്ററുകളെ ആഘോഷത്തിന്റെ പൂരപ്പറമ്പുകളാക്കി മാറ്റിയാണ് മുന്നേറുന്നത്. നിരൂപകരും മികച്ച അഭിപ്രായമാണ് ചിത്രത്തിന് നൽകുന്നത്.

To advertise here,

ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 12K ടിക്കറ്റുകൾക്ക് മുകളിൽ വരെ വിറ്റു പോകുന്ന തരത്തിൽ ട്രെൻഡ് ചെയ്ത ചിത്രം, ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് നേടുമെന്ന് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു. കേരളത്തിന് പുറത്ത് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശത്തും ഗംഭീര ബോക്‌സ് ഓഫീസ് തുടക്കമാണ് ചിത്രം നേടുന്നത്. 10 കോടിക്ക് മുകളിൽ ആഗോള ഓപ്പണിങ് ഡേ കലക്ഷൻ നേടുന്ന മലയാള ചിത്രങ്ങളുടെ പട്ടികയിലും അതിരടി ഇടം നേടുമെന്ന് ഉറപ്പായിട്ടുണ്ട്.

മുടങ്ങി കിടന്ന ഒരു കോളേജ് ഫെസ്റ്റിവൽ വീണ്ടും നടത്താൻ ശ്രമിക്കുന്ന സാം കുട്ടി എന്ന ബേസിൽ ജോസഫ് കഥാപാത്രത്തിനെതിരെ, ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ശ്രീക്കുട്ടൻ എന്ന ഗായകനും പഴയ ഗുണ്ടയും ആയ കഥാപാത്രം വരുന്നതാണ് ആക്ഷൻ, ചിരി എന്നിവക്ക് തിരി കൊളുത്തുന്നത്. ഇവർക്കൊപ്പം ചിത്രത്തിലേക്ക് വിനീത് ശ്രീനിവാസൻ, ഷാൻ റഹ്‌മാൻ ഉൾപ്പെടെയുള്ളവർ എത്തുമ്പോൾ ചിത്രം ഒരു കംപ്ലീറ്റ് ഫൺ പാക്കേജ് ആയി മാറുകയാണ്. ബുക്ക് മൈ ഷോയിൽ ട്രെൻഡ് ചെയ്യുന്ന ചിത്രത്തിന്റെ ഷോകളെല്ലാം മിനിറ്റുകൾക്കുള്ളിൽ ഹൗസ്ഫുൾ ആയി മാറുന്ന കാഴ്ചയും കാണാൻ സാധിക്കും.

ഒരു മാസ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടെയ്‌നറായൊരുക്കിയ ചിത്രം നിർമിച്ചത് ഡോ. അനന്തു എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസുമാണ് ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർമാർ.

ചിത്രത്തിൽനിന്ന് പുറത്തുവന്ന ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകളാണ്. അവ തിയേറ്ററിലും വലിയ സ്വീകരണം നേടുന്നുണ്ട്. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബേസിൽ, ടൊവിനോ, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്‌മാൻ എന്നിവർക്കൊപ്പം വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്.

റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ടതാരമായ ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ചിത്രം. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും അതിരടി പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്. ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് 'അതിരടി'. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്‌കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തി. ചിത്രം ഗൾഫിൽ വിതരണം ചെയ്തത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.

ഛായാഗ്രഹണം: സാമുവൽ ഹെന്റി, സംഗീതം: വിഷ്ണു വിജയ്, എഡിറ്റർ: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റൊണക്‌സ് സേവ്യർ, സൗണ്ട് ഡിസൈനർ: നിക്‌സൺ ജോർജ്, വരികൾ: സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസർ: നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ: ഐഡൻചാർട്ട്‌സ്, വിഎഫ്എക്‌സ്: മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ടൈറ്റിൽ ഡിസൈൻ: സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പേപ്പർ, പിആർഒ: വൈശാഖ് സി. വടക്കെവീട്, ജിനു അനിൽകുമാർ.