ന്യൂഡല്‍ഹി: 'രാമായണം' ടിവി സീരിയലില്‍ അഭിനയിക്കുന്നതിനുമുന്‍പുവരെ ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നുവെന്ന്, അതില്‍ ശ്രീരാമനായി അഭിനയിച്ച ബിജെപി അംഗം അരുണ്‍ ഗോവില്‍. എല്ലാ ദിവസവും ഗുഡ്ക ചവയ്ക്കുമായിരുന്നെന്നും രാമായണം ജീവിതത്തിലേക്ക് കടന്നുവന്നതോടെ എല്ലാം ഉപേക്ഷിച്ചെന്നും അരുണ്‍ ഗോവില്‍ പറഞ്ഞു. സിഗരറ്റിനും പുകയില ഉത്പന്നങ്ങള്‍ക്കുമുള്ള തീരുവ കൂട്ടാന്‍ വ്യവസ്ഥചെയ്യുന്ന എക്‌സൈസ് ഭേദഗതിബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ പുകവലി അനുഭവങ്ങള്‍ അംഗങ്ങള്‍ തുറന്നുപറയുന്നതിനിടെയാണ് അരുണ്‍ ഗോവിലും മനസുതുറന്നത്.

To advertise here,

ഉത്തര്‍പ്രദേശിലെ മീററ്റ് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള ബിജെപി അംഗമാണ് അരുണ്‍ ഗോവില്‍. ഹിന്ദി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും സജീവമായ അരുണ്‍ ഗോവില്‍, രാമാനന്ദ സാഗറിന്റെ 'രാമായണ'ത്തിലെ രാമന്‍ വേഷത്തിന്റെ പേരിലാണ് അറിയപ്പെട്ടത്. 2021-ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

ബംഗാളില്‍നിന്നുള്ള തൃണമൂല്‍ എംപി പ്രൊഫ. സൗഗത റോയ്, ഡിഎംകെ എംപി ഡോ. കലാനിധി വീരസ്വാമി, ലാവു ശ്രീകൃഷ്ണ ദേവരായലു, ബിജെപി അംഗം ഡി. പുരന്ദരേശ്വരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ചര്‍ച്ചയില്‍ മറുപടി പറഞ്ഞു.