
കഴിഞ്ഞ ദിവസം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മലയാളികളുടെ ഹൃദയം കവർന്ന ഒരുരംഗമുണ്ടായിരുന്നു. സീതാലക്ഷ്മി അമ്മാളെന്ന അമ്മാളു അമ്മ, മകനെപ്പോലെ കരുതുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെ തേടിയെത്തിയതും അദ്ദേഹം അവരെ വേദിയിൽവെച്ച് കെട്ടിപ്പിടിക്കുന്നതുമായ വൈകാരികരംഗം. ആൾക്കൂട്ടത്തിൽ, തിരക്കിനിടയിൽ നിൽക്കുകയായിരുന്ന അമ്മാളു അമ്മ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുകയും മുഖ്യമന്ത്രിയുടെ സ്റ്റാഫ് ഇടപെട്ട് അദ്ദേഹത്തിന് അടുത്ത് എത്തിക്കുകയുമായിരുന്നു. ഇപ്പോഴിതാ അമ്മാളു അമ്മയെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി സീമാ ജി. നായർ.
ഏതാനും മാസങ്ങൾക്ക് മുമ്പ് അമ്മാളു അമ്മയുടെ ഒരു ആഗ്രഹം തന്റെ മുന്നിലെത്തിയത് നടി ഓർത്തു. പറവൂർ സ്വദേശിയായ രാധിക മുഖേനയാണ് സീമാ ജി. നായർ അമ്മാളു അമ്മയെ പരിചയപ്പെട്ടത്. മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയെ കാണണമെന്നായിരുന്നു അമ്മാളു അമ്മയുടെ ആഗ്രഹം. സീമ അക്കാര്യം രമേഷ് പിഷാരടിയെ അറിയിച്ചു. പിഷാരടി വഴി അമ്മാളു അമ്മയ്ക്ക് മമ്മൂട്ടിയെ കാണാൻ സാധിച്ചു. സമ്മാനങ്ങൾ നൽകിയാണ് മമ്മൂട്ടി അമ്മാളു അമ്മയെ തിരിച്ചയച്ചതെന്നും നടി ഓർത്തു.
2018-ലെ പ്രളയത്തിൽ വീട് മുങ്ങിത്തുടങ്ങിയപ്പോൾ പറവൂർ എംഎൽഎ വി.ഡി. സതീശൻ അമ്മാളു അമ്മയ്ക്ക് സഹായവുമായെത്തി. അന്നുമുതൽ തുടങ്ങിയതാണ് ഇരുവരും തമ്മിലെ ബന്ധം. സതീശൻ അമ്മാളു അമ്മ എന്നാണ് സീതാലക്ഷ്മി അമ്മാളിനെ വിളിച്ചിരുന്നത്. മകൻ എന്നായിരുന്നു അവർ സതീശനെ വിളിച്ചിരുന്നത്.
സത്യപ്രതിജ്ഞാ വേദിയിലെത്തിയ അമ്മാളു അമ്മ മുഖ്യമന്ത്രിയെ കെട്ടിപ്പിടിച്ചു. രാഹുൽ ഗാന്ധിയും അവരോട് കുശലം പറഞ്ഞു.
സീമാ ജി. നായർ പങ്കുവെച്ച കുറിപ്പ്:
നമസ്‌ക്കാരം... ഇന്നലെ വി.ഡി.എസ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിറഞ്ഞു നിന്നത് ഈ അമ്മാളു അമ്മയായിരുന്നു. കുറേ മാസങ്ങൾക്കു മുന്നേ പറവൂരുള്ള രാധിക മുഖേന മമ്മുക്കയെ കാണണമെന്നുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ വിവരം എന്നിലേക്കെത്തി. ഞാൻ രമേഷ് പിഷാരടിയെ അതറിയിച്ചു. പിഷാരടി മുഖേന അമ്മാളു അമ്മക്ക് മമ്മുക്കയെ കാണാൻ സാധിച്ചു. സമ്മാനങ്ങളും നൽകിയാണ് മമ്മുക്ക അമ്മാളു അമ്മയെ യാത്രയാക്കിയത്. (അത് വെറുമൊരു താരാരാധന ആയിരുന്നില്ല. ഒരു തപസ്സുപോലെയായിരുന്നു ആ കാത്തിരിപ്പ്. അദ്ദേഹം അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്.). ഇന്നലെ വീണ്ടും ടിവിയിൽ അമ്മാളു അമ്മയെ കാണുമ്പോൾ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മുക്കയുടെ ചിത്രവും ഉണ്ടായിരുന്നു. ആ ചടങ്ങു നടക്കുന്ന സ്ഥലത്തും, ആ ചിത്രവുമായാണ് അവര് പോയത്. അത് കണ്ടപ്പോൾ അമ്മയുടെ ഒരു വലിയ സന്തോഷത്തിനു ഞാൻ ചെറിയ കാരണമായല്ലോ എന്നോർത്ത് അഭിമാനം തോന്നി. ഇതൊക്കെയാണ് ജീവിതത്തിലെ വലിയ സന്തോഷങ്ങൾ.
Content Highlights: Ammalu Amma's lifelong wish to meet Mammootty was fulfilled through Ramesh Pisharody. Seema G Nair facilitated the connection after being contacted by Radhika from Paravur. Ammalu Amma shares a deep, mother-son bond with Chief Minister VD Satheesan. The emotional reunion occurred during the 2026 Kerala government swearing-in ceremony. Ammalu Amma is a dedicated fan who slept on Mammootty's movie posters
Published: 19 May 2026, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented