ട്വന്റി 20 വിടുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി കോർഡിനേറ്റർ സാബു എം. ജേക്കബിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ട് സംവിധായകനും നടനുമായ അഖിൽ മാരാർ. തനിക്ക് നേരിട്ട ചതികളുടെ സത്യം ചാറ്റുകൾ പറയും എന്ന് തുടങ്ങുന്ന നീണ്ട കുറിപ്പിനൊപ്പമാണ് സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പിന് മുമ്പ് സാബു എം. ജേക്കബുമായി സംസാരിച്ച കാര്യങ്ങളാണ് പുറത്തുവിട്ടതെന്നും അഖിൽ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. പറ്റിയ തെറ്റ് തിരുത്തണം എന്ന ചിന്തയാണ് പോസ്റ്റിന് പിന്നിലെന്നും അഖിൽ വ്യക്തമാക്കി.
'എന്റെ ജീവിതം കൊണ്ട് കുഴിയിൽ ചാടിച്ചു തകർത്ത ശേഷം ഓടി ഒളിക്കുന്ന രീതി ശരിയല്ല. പറഞ്ഞ വാക്കു പാലിക്കാൻ നിങ്ങൾക്കായില്ല' എന്ന് അഖിൽ സാബുവിന് അയച്ച സന്ദേശങ്ങളിലൊന്നിൽ പറയുന്നു. ഇത്തരം എട്ട് സ്‌ക്രീൻഷോട്ടുകളാണ് അഖിൽ പുറത്തുവിട്ടത്.
'ഇത് കൂടാതെ ഒരുപാട് കാര്യങ്ങൾ ചെയ്തു. ഇനി ചെയ്യാനുമുണ്ട്. ഞാൻ എന്റെ ബി.എം.ഡബ്ല്യു ബൈക്ക് വിറ്റു. 18 ലക്ഷത്തിന് കഴിഞ്ഞ വർഷം എടുത്തതാണ്. 10 ലക്ഷത്തിന് കൊടുത്തു' എന്ന് മറ്റൊരു സ്‌ക്രീൻഷോട്ടിൽ പറയുന്നു.
'നിങ്ങളുടെ പേര് പരിഗണിച്ചത് തൃക്കാക്കരയിലാണ്, തൃപ്പൂണിത്തുറയിൽ അല്ല' എന്നൊരു മറുപടി മാത്രമാണ് സാബു എം. ജേക്കബ് അഖിൽ മാരാർക്ക് നൽകിയത്. എട്ടു മിനിറ്റ് നീണ്ടുനിന്ന ഒരു വാട്‌സാപ്പ് വോയ്‌സ് കോളും ഇരുവരും തമ്മിലുണ്ടായതായി സ്‌ക്രീൻഷോട്ടിൽനിന്ന് വ്യക്തമാവുന്നു.
പുറത്തുവിട്ട ചാറ്റുകൾക്കൊപ്പം അഖിൽ മാരാർ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
ഈ ചാറ്റുകൾ എനിക്ക് നേരിട്ട ചതികളുടെ സത്യം പറയും...
ഇതെല്ലാം തിരഞ്ഞെടുപ്പിന് മുൻപ് ഞാൻ സംസാരിച്ച കാര്യങ്ങൾ ആണ്..
പറ്റിയ തെറ്റ് തിരുത്തണം എന്ന ചിന്തയാണ് ഈ പോസ്റ്റിനു പിന്നിൽ..
കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കണം എന്ന ചിന്തയാണ് 20/20 യിലേക്ക് എന്നെ അടുപ്പിച്ചത്..
കൊട്ടാരക്കരയിലെ ബിജെപി വോട്ടുകൾക്ക് പുറമെ എന്റെ വ്യക്തിബന്ധത്തിൽ നേടിയെടുക്കാൻ കഴിയുന്ന വോട്ടുകൾ കൂടി വരുമ്പോൾ മത്സരം ത്രികോണമായി മാറും.. ആ സാധ്യത മാത്രമാണ് ഞാൻ മുന്നിൽ കണ്ടത്.. എന്നാൽ സീറ്റ് നൽകാതെ അവർ എന്നെ ചതിച്ചു..
പിന്നീട് തൃപ്പൂണിത്തുറ സീറ്റ് 20/20 യ്ക്ക് നൽകി ബിജെപി എന്നോട് മാന്യത കാണിച്ചു. എന്നാൽ അവിടെയും സാബു ജേക്കബ് എന്നെ ചതിച്ചു.. ജയ സാധ്യതയോ അല്ലെങ്കിൽ മികച്ച മുന്നേറ്റമോ ഉണ്ടാക്കുന്ന ഒരു സീറ്റിൽ അഖിൽ മാരാർ മത്സരിക്കരുത് എന്ന് ബിജെപിയിലെ സ്‌കൂട്ടർ തട്ടിപ്പ് നേതാവും തീരുമാനിച്ചിരുന്നു..
35% ക്രിസ്ത്യൻ വോട്ടുകൾ ഉള്ള തൃക്കാക്കരയിൽ ഉമ്മൻ ചാണ്ടി സാറിന്റെ മരുമകനെ നിർത്തിയാൽ കൂടുതൽ നേട്ടം ഉണ്ടാക്കാമെന്നിരിക്കെ ബിജെപിക്ക് സ്വാധീനം ഉള്ള കൊടുങ്ങല്ലൂർ ഇവർ വാങ്ങിയെടുത്തു..
യാതൊരു രാഷ്ട്രീയ ബോധവുമില്ലാത്ത കുറെപ്പേർക്ക് സീറ്റ് നൽകി NDA യ്ക്ക് മൊത്തത്തിൽ നാണക്കേട് ഉണ്ടാക്കി.. തൃക്കാക്കരയിൽ 15000 വോട്ട് ഡോക്ടർ ടെറി എന്ന സ്ഥാനാർഥിക്ക് ലഭിച്ചത് നിഷ്പക്ഷരുടെ വോട്ടും സഭയിൽ ഉള്ള അദ്ദേഹത്തിന്റെ ബന്ധവും വർഷങ്ങളായി തൃക്കാക്കരയിൽ പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയും ആയതുകൊണ്ടാണ് അല്ലാതെ തികച്ചു 10 പേര് പോലും ഈ പാർട്ടിയിൽ പ്രവർത്തിക്കാൻ ഇല്ലായിരുന്നു.. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇല്ലാത്ത ഒരേയൊരു NDA സ്ഥാനാർഥി ഞാൻ ആയിരുന്നു.. ഒരു കൗൺസിലർ പോലും ഇല്ലാത്ത ഒരു മണ്ഡലത്തിൽ സോഷ്യൽ മീഡിയ വഴി ഞാൻ ഉണ്ടാക്കിയ ഓളം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
കുറച്ചു ബിജെപി പ്രവർത്തകർ മാത്രം ആത്മാർത്ഥമായി എനിക്ക് വേണ്ടി വർക്ക് ചെയ്തു.. 20/20 യുടെ രണ്ട് പേരാണ് മുഴുവൻ സമയം വർക്ക് ചെയ്യാൻ ഉണ്ടായിരുന്നത്.. ഇതിനെല്ലാം പുറമെ കോടികൾ ലഭിച്ചെന്ന ആക്ഷേപവും കേൾക്കേണ്ടി വരുന്നു.. തിരഞ്ഞെടുപ്പിന് ശേഷം പല പ്രാവശ്യം ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല.. മെസ്സേജ് അയച്ചിട്ട് മറുപടിയില്ല.. ഒരു രാഷ്ട്രീയ പ്രവർത്തനവും അവർക്കില്ല..
ഇഷ്ടപ്പെട്ടവരുടെ ഇടയിൽ നിന്നും രാഷ്ട്രീയം മൂലം ലഭിക്കുന്ന വെറുപ്പും സമൂഹത്തിൽ പലയിടങ്ങളിൽ നിന്നും NDA യുടെ ഭാഗമായതിന്റെ പേരിൽ ഒഴിവാക്കപ്പെടുന്നതുമൊക്കെ അറിയിച്ചിട്ടും സാബു ജേക്കബിന് ഒരു മറുപടിയും ഇല്ല.. 40 കോടി രൂപ തിരഞ്ഞെടുപ്പ് ഫണ്ടായി സാബു ജേക്കബിനു നൽകിയതായി ബിജെപിയിലെ ചില മുതിർന്ന നേതാക്കൾ വഴി അറിഞ്ഞു.. ഇതിന്റെ പഴി ഞാൻ കേൾക്കണോ..?
Content Highlights: Director and Bigg Boss winner Akhil Marar has leaked WhatsApp chat screenshots between him and Twenty20 coordinator Sabu M. Jacob following his exit from the party. Marar alleged that he was cheated by the Twenty20 leadership regarding the candidate seat allotment during the elections. To fund his political campaign activities, Marar claimed he was forced to sell his ₹18 lakh BMW motorcycle for just ₹10 lakh. He further criticized the party's election strategy, claiming he was the only NDA candidate operating without a dedicated campaign office. Marar expressed frustration over ignored calls and messages post-election, stating that he faced social isolation for joining the NDA while party leaders remained unresponsive
Published: 28 Jul 2026, 06:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented