ശനിയാഴ്ചയാണ് സംവിധായകനും നടനുമായ ഭാഗ്യരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ മൃതദേഹത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരോട് പൊട്ടിത്തെറിച്ചും കൈകൂപ്പി കരഞ്ഞപേക്ഷിച്ചും നടി രാധിക ശരത്കുമാർ. അല്പം സ്വകാര്യത തന്നുകൂടേയെന്ന് അവർ ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ.
വളരെ വൈകാരികമായാണ് രാധിക മൊബൈൽ ക്യാമറയുമായെത്തിയവരോട് പ്രതികരിച്ചത്. ഈ സമയത്ത് ദുഃഖിതരായ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. സിനിമയാണ് തൊഴിൽ. നാടകീയതയും കണ്ണീരുമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അത് സിനിമയിൽ അഭിനയിച്ച് കാണിച്ചുതരാം. അല്പം സ്വകാര്യത തരൂ എന്നും അവർ പറഞ്ഞു. ഇതിനിടയിലൂടെ വീഡിയോ എടുക്കരുതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർ പറയുന്നതും കേൾക്കാം.
ശനിയാഴ്ചയാണ് സംവിധായകനും നടനുമായ ഭാഗ്യരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഹാസ്യം, കുടുംബ ബന്ധങ്ങൾ, പ്രണയം, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവ കോർത്തിണക്കുന്നതിൽ അദ്ദേഹം പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്നു.
1979-ൽ പുറത്തിറങ്ങിയ 'സുവരില്ലാത ചിത്രങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 'മൗന ഗീതങ്ങൾ', 'അന്ത ഏഴ് നാട്കൾ', 'ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്', 'മുന്താണൈ മുടിച്ച്', 'ചിന്ന വീട്', 'എങ്ക ചിന്ന രാസ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം തമിഴ് സിനിമയ്ക്ക് സമ്മാനിച്ചു. അഭിനയരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, സാധാരണക്കാരനായ ഒരു നായക സങ്കൽപ്പത്തെയാണ് വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു.
പ്രശസ്ത നടിയും മലയാളിയുമായ പൂർണ്ണിമ ജയറാം ആണ് അദ്ദേഹത്തിന്റെ ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്. വൈവിധ്യമാർന്ന പ്രമേയങ്ങളിലൂടെ തമിഴ് സിനിമയെ ജനകീയമാക്കിയ ഒരു അതുല്യ പ്രതിഭയെയാണ് ഭാഗ്യരാജിന്റെ വിയോഗത്തിലൂടെ സിനിമ ലോകത്തിന് നഷ്ടമായത്.
Content Highlights: A highly emotional video has surfaced online showing veteran actress Radikaa Sarathkumar lashing out and tearfully pleading with media personnel and onlookers to respect the privacy of late director K Bhagyaraj's grieving family as people tried to capture close-up footage of his mortal remains.
Published: 27 Jun 2026, 03:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented