
ടെന്നീസ് ഇതിഹാസം റാഫേൽ നദാലിന് ആദരമർപ്പിച്ച് തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത റാഫ എന്ന ഡോക്യുമെന്ററി കണ്ടതിന് പിന്നാലെയാണ് നദാലിന്റെ കരിയറിലെ കടുത്ത പോരാട്ടങ്ങളെയും അദ്ദേഹം നേരിട്ട വെല്ലുവിളികളെയും കുറിച്ച് ധനുഷ് തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. നദാലിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന മുൻകാല അനുഭവങ്ങളിൽ താരം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
തന്റെ ജീവിതത്തിന്റെ പകുതിയിലധികം കാലം നദാലിന്റെ മത്സരങ്ങൾ കണ്ട ആളാണ് താനെന്ന് ധനുഷ് വ്യക്തമാക്കുന്നു. പലപ്പോഴും മത്സരങ്ങളിൽ നദാൽ പോയിന്റുകൾ നഷ്ടപ്പെടുത്തുമ്പോൾ ടെലിവിഷന് മുന്നിലിരുന്ന് താൻ ദേഷ്യപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ അദ്ദേഹം അനുഭവിച്ചിരുന്ന ശാരീരികവും മാനസികവുമായ വേതനകൾ ഇപ്പോൾ മാത്രമാണ് തനിക്ക് പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞതെന്നും താരം കുറിച്ചു.
‘ശാരീരിക വേദനകളും കടുത്ത മാനസിക സമ്മർദ്ദങ്ങളും ഉത്കണ്ഠയും ഉള്ളിലൊതുക്കിയാണ് നിങ്ങൾ കളി തുടർന്നതെന്ന് എനിക്കറിയില്ലായിരുന്നു. അതറിയാതെ, നിങ്ങൾ കോർട്ടിൽ തോറ്റപ്പോഴൊക്കെ ടിവിക്ക് മുന്നിലിരുന്ന് 'വാമോസ് റാഫ, നിനക്ക് ഇതിലും നന്നായി ചെയ്യാമായിരുന്നു, നീയെന്തിനാണ് കാര്യങ്ങൾ ഇത്രയും സങ്കീർണ്ണമാക്കുന്നത്' എന്ന് ഞാൻ വിളിച്ചുപറഞ്ഞിട്ടുണ്ട്. ആ നിമിഷങ്ങളെയോർത്ത് ഞാൻ ഇപ്പോൾ ഖേദിക്കുന്നു’- ധനുഷ് കുറിച്ചു.
കോർട്ടിൽ നദാൽ സ്ഥിരമായി ചെയ്യുന്ന ചില ശീലങ്ങളെക്കുറിച്ചും താരം തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. വാട്ടർ ബോട്ടിലുകൾ കൃത്യമായി ക്രമീകരിക്കുന്നത്, ലൈനുകൾ വൃത്തിയാക്കുന്നത്, മുടി ഒതുക്കുന്നത് എന്നിവ വെറും അന്ധവിശ്വാസങ്ങളല്ലെന്ന് ഡോക്യുമെന്ററി കണ്ടപ്പോൾ ബോധ്യമായതായി ധനുഷ് പറയുന്നു.
"കടുത്ത മാനസിക സമ്മർദ്ദത്തോടും ഉത്കണ്ഠയോടും തന്റെ സ്വന്തം ശരീരത്തോടും നദാൽ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായിരുന്നു ഈ ശീലങ്ങൾ. കോർട്ടിൽ മറ്റൊരു എതിരാളിയോട് ഏറ്റുമുട്ടുന്നതിന് മുൻപ്, ഉള്ളിലെ ഭയത്തോടായിരുന്നു നിങ്ങളുടെ യുദ്ധം’- വൈകാരിക കുറിപ്പിൽ ധനുഷ് പറയുന്നു.
പരിക്കുകളോടും പാദത്തെ ബാധിച്ച കടുത്ത രോഗാവസ്ഥയോടും പോരാടിയാണ് നദാൽ തന്റെ കരിയറിലെ നേട്ടങ്ങൾ സ്വന്തമാക്കിയത്. നൊവാക് ജോക്കോവിച്ചിനും റോജർ ഫെഡറർക്കും അനുകൂലമായ റെക്കോർഡുകളും സ്ഥിതിവിവരക്കണക്കുകളും ഉണ്ടായേക്കാം, എന്നാൽ തനിക്ക് റാഫേൽ നദാൽ മാത്രമാണ് എക്കാലത്തെയും മികച്ച താരം (GOAT) എന്ന് ധനുഷ് ഉറപ്പിച്ചു പറയുന്നു.
"എല്ലാ ആദരവോടും കൂടി പറയട്ടെ, കണക്കുകൾ ജോക്കോവിച്ചിന് അനുകൂലമായിരിക്കാം. ഫെഡററുടേതാണ് ഈ ഗെയിം എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകാം. എന്നാൽ എന്നെ സംബന്ധിച്ച്, ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ റാഫേൽ നദാൽ മാത്രമാണ് എക്കാലത്തെയും മികച്ച താരം (GOAT)’-പോസ്റ്റിൽ പറയുന്നു.
Content Highlights: South Indian superstar Dhanush penned a deeply emotional post apologizing for past criticisms of Rafael Nadal after watching the tennis legend's Netflix documentary "Rafa," declaring Nadal as the ultimate GOAT (Greatest of All Time) over Federer and Djokovic for his relentless battle against physical and mental pain.
Published: 09 Jun 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented