
തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ- ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ലെ ആദ്യ ഗാനമായ 'ആയാ ഷേർ' പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായാണ് 'ആയാ ഷേർ' ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്ഡി, അക്നൂരി ദേവയ്യ, അനിരുധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുധ് തന്നെയാണ് സംഗീതം നൽകിയതും.
ഓഗസ്റ്റ് 21-നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനുശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് 'ദസറ'യുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
'ജേഴ്‌സി', 'ഗാങ് ലീഡർ' എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'. മാസ്- സ്‌റ്റൈലിഷ് ലുക്കിലാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചേരിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒട്ടേറെ നർത്തകരും ജൂനിയർ ആർട്ടിസ്റ്റുകളും അണിനിരന്ന 'ആയാ ഷേർ' എന്ന ഗാനത്തിന്റെ ഹൈലൈറ്റ് അനിരുധിന്റെ സംഗീതത്തോടൊപ്പം നാനിയുടെ നൃത്തചുവടുകളുമാണ്. ജദാൽ എന്ന് പേരുള്ള മാസ് കഥാപാത്രമായാണ് നാനി ചിത്രത്തിലെത്തുന്നത്. അടുത്തിടെയാണ് 'ആയാ ഷേർ' ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയത്. വിജയ് ചിത്രം 'ജനനായകനി'ൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്ററാണ് ഗാനത്തിന് നൃത്തം ഒരുക്കിയത്.
നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് 'ദ പാരഡൈസ്' എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, 'സ്പാർക്ക് ഓഫ് പാരഡൈസ്' എന്ന ഗ്ലിംപ്‌സ് വീഡിയോ എന്നിവ സാമൂഹികമാധ്യമങ്ങളിൽ വൻശ്രദ്ധനേടിയിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിന്റെ താരനിരയിലുണ്ട്. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
100 കോടി ക്ലബിൽ ഇടം പിടിച്ച ദസറക്ക് ശേഷം ശ്രീകാന്ത് ഒഡേല എന്ന സംവിധായകന്റെ സംവിധാന മികവും സൂക്ഷ്മമായ കാഴ്ചപ്പാടും ബ്രഹ്‌മാണ്ഡ കാൻവാസിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക ചിത്രമായിരിക്കും 'ദ പാരഡൈസ്'. ആഗോള തലത്തിൽ എട്ടുഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.
രചന, സംവിധാനം: ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്: സുധാകർ ചെറുകുറി, ബാനർ: എസ്എൽവി സിനിമാസ്, ഛായാഗ്രഹണം: സി.എച്ച്. സായ്, സംഗീതം: അനിരുധ് രവിചന്ദർ, എഡിറ്റിങ്: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, ഓഡിയോ: സരിഗമ മ്യൂസിക്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.
Content Highlights: First song `Aaya Sher` from Nani & Srikanth Odela`s `The Paradise` is out
Published: 24 Feb 2026, 09:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented