സ്വപ്നത്തില്‍പോലും വിചാരിക്കാത്ത വിധം ഒരു പാട്ട് തിരിഞ്ഞുകുത്തിയ അനുഭവമുണ്ടായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. 'തെമ്മാടിവേലപ്പനു' വേണ്ടി അദ്ദേഹം എഴുതിയ 'ത്രിശങ്കുസ്വര്‍ഗത്തെ തമ്പുരാട്ടി' എന്ന ഹാസ്യഗാനം അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ ഉപയോഗിച്ചത് ഇന്ദിരാഗാന്ധിയെ കളിയാക്കാനാണ്. 

To advertise here,

നസീറും ജയഭാരതിയുമാണ് ഗാനരംഗത്തിലുള്ളത്. പക്ഷേ രചയിതാവിനെ ഞെട്ടിച്ചുകൊണ്ട് അത് പെട്ടെന്ന് ഇന്ദിരാവിരുദ്ധ ഗാനമായി മാറി. 'മുടിചൂടാമന്നന്റെ പ്രിയസന്തതീ...മൂളിയലങ്കാരിയുടെ വക്രബുദ്ധീ' തുടങ്ങിയ വരികളൊക്കെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ കാമ്പസില്‍ പാട്ടിന് ആരാധകരേറി. 

പല കോളേജുകളിലും ഇതുപാടി വിദ്യാര്‍ഥികള്‍ ഇന്ദിരയുടെ കോലംകത്തിക്കുന്ന സ്ഥിതിവരെയെത്തിയപ്പോള്‍ പേടിച്ചത് മങ്കൊമ്പാണ്. അടിയന്തരാവസ്ഥക്കാലമായതിനാല്‍ തടികേടാകാതെ സൂക്ഷിക്കാനുള്ള വഴിയന്വേഷിച്ചു, അദ്ദേഹം. അധികം വൈകാതെ അവസരം വീണുകിട്ടുകയും ചെയ്തു. 'തെമ്മാടിവേലപ്പനു' പിന്നാലെ ഹരിഹരന്‍ സംവിധാനം ചെയ്ത 'സംഗമം' എന്ന ചിത്രത്തില്‍ ശ്രമദാനരംഗത്തിലേക്ക് ദേശീയോദ്ഗ്രഥനം വിഷയമാക്കി ഒരു പാട്ടുവേണം.

ഇന്ദിരയുടെ ഇരുപതിന പരിപാടിയെ പ്രകീര്‍ത്തിച്ചുകൊണ്ട് മങ്കൊമ്പ് എഴുതി: 'ആദികവിയുടെ ആശ്രമമേ...ആര്‍ഷഭാരതമേ...' ചരണത്തില്‍ 'ഇതളിട്ടുവിടര്‍ന്നു നിന്‍തിരുമുറ്റത്ത് ഇരുപത് ദളമുള്ള പുഷ്പം, അമൃതനിഷ്യന്തിയാം അതിന്‍ പരാഗങ്ങളണിയും ജനഗണഹൃദയങ്ങള്‍' എന്ന് കരുതിക്കൂട്ടി ചേര്‍ത്തു.

പാട്ടിന്റെ ഇംഗ്ലീഷ് തര്‍ജമ ഇന്ദിരാഗാന്ധിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. 'ജീവനില്‍ കൊതിയുള്ള ആരും അതേ ചെയ്യൂ അന്ന്' എന്ന് മങ്കൊമ്പ് പിന്നീട് പറഞ്ഞു.